ഇടതുപക്ഷ ഐക്യം അനിവാര്യം ; സിപിഐ 25-–ാം പാർടി കോൺഗ്രസിന് തുടക്കം

Cpi 25th Party Congress

ചണ്ഡിഗഡിൽ ആരംഭിച്ച സിപിഐ പാർടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിക്കുന്നു. / ഫോട്ടോ: പി വി സുജിത്

avatar
AKSHAY K P

Published on Sep 23, 2025, 02:51 AM | 1 min read


എസ്‌ സുധാകർറെഡ്ഡി നഗർ (കിസാൻ ഭവൻ, ചണ്ഡിഗഡ്‌)

ബിജെപിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ കൂട്ടായ്‌മയെ ശരിയായ ദിശയിൽ നയിക്കാൻ ഇടതുപക്ഷ പാർടികളുടെ സ്വാധീനവും ഐക്യവും ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി സിപിഐ 25–ാം പാർടി കോൺഗ്രസിന്‌ തുടക്കം.


സ്വാതന്ത്ര്യസമരത്തിന്റെ രക്താഭമായ ചരിത്രമുറങ്ങുന്ന ജാലിയൻവാലബാഗിന്റെയും ധീരരക്തസാക്ഷി ഭഗത്‌സിങ്ങിന്റെയും സ്‌മരണകളിരന്പിയ ഉദ്ഘാടനവേദിയിൽ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്‌ഘാടനംചെയ്‌തു. അമർജിത്‌ ക‍ൗർ അധ്യക്ഷയായ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. കരട്‌ രാഷ്‌ട്രീയ പ്രമേയം ഡി രാജയും സംഘടനാ റിപ്പോർട്ട്‌ കെ നാരായണയും പ്രവർത്തന റിപ്പോർട്ട്‌ ബാലചന്ദ്ര കെ കാംഗോയും അവതരിപ്പിച്ചു. പൊതുചർച്ച ചൊവ്വാഴ്‌ച തുടരും.


ഉദ്‌ഘാടന സമ്മേളനം ഇടതുപക്ഷ കൂട്ടായ്‌മയുടെയും വേദിയായി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോർവേഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യംചെയ്‌തു. എസ്‌ സുധാകർറെഡ്ഡി നഗറിൽ ഭഗത്‌സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്‌മോഹൻ സിങ്‌ ദേശീയപതാകയും സിപിഐ മുതിർന്ന നേതാവ്‌ ഭൂപീന്ദർ സാംബർ പാർടി പതാകയും ഉയർത്തി.


ജാലിയൻ വാലാബാഗ്‌ സ്‌മൃതിമണ്ഡപത്തിന്റെ രൂപത്തിൽ നിർമിച്ച രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. സമ്മേളനം നടക്കുന്ന അതുൽകുമാർ അഞ്ജാൻ ഹാളിൽ ഇപ്‌റ്റയുടെ കലാകാരൻമാർ വിപ്ലവഗാനങ്ങൾ ആലപിച്ചു. കേരളത്തിൽ നിന്നെത്തിയ പ്രതിനിധികൾ പുന്നപ്ര വയലാർ രക്തസാക്ഷികളെ അനുസ്‌മരിച്ചുള്ള ഗാനവും ആലപിച്ചു. പലസ്‌തീനും ക്യൂബയ്‌ക്കും ഐക്യദാർഢ്യമറിയിച്ച്‌ പ്രത്യേക യോഗം ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home