ഉദ്ദം സിങ്ങിന്റെ ജന്മനാടായ സുനാമിൽ നിന്ന് ദീപശിഖ
സിപിഐ പാർടി കോൺഗ്രസിന് ഇന്ന് തുടക്കം

ചണ്ഡിഗഡിൽ ഞായറാഴ്‌ച തുടങ്ങുന്ന സിപിഐ പാർടി കോൺഗ്രസിന്റെ പൊതുസമ്മേളന നഗരി അലങ്കരിക്കാനുള്ള കൊടികളുമായി വരുന്ന പ്രവർത്തകൻ ഫോട്ടോ: പി വി സുജിത്

AKSHAY K P
Published on Sep 21, 2025, 03:51 AM | 1 min read
എസ് സുധാകര്‍ റെഡ്ഡി നഗർ (കിസാന്‍ ഭവന്‍, ചണ്ഡിഗഡ്)
ആയിരങ്ങളെ അണിനിരത്തിയുള്ള പൊതുസമ്മേളനത്തോടെ സിപിഐ 25-–ാം പാർടി കോൺഗ്രസിന് ഞായറാഴ്‌ച തുടക്കമാകും. പകൽ 11ന് മൊഹാലിയിലെ അജിത് സിങ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കും. സ്വാതന്ത്ര്യസമര പോരാളി ഉദ്ദം സിങ്ങിന്റെ ജന്മനാടായ സുനാമിൽനിന്നാണ് സമ്മേളന നഗറിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖയെത്തുക.
തിങ്കൾ രാവിലെ സമ്മേളന നഗരിയായ ചണ്ഡിഗഡിലെ എസ് സുധാകര്‍ റെഡ്ഡി നഗറിൽ ഭഗത് സിങ്ങിന്റെ അനന്തരവൻ പ്രൊഫ. ജഗ്‌മോഹൻ സിങ് ദേശീയ പതാക ഉയർത്തും. സിപിഐ മുതിർന്ന നേതാവ് ഭൂപീന്ദർ സാന്പർ പാർടി പതാക ഉയർത്തും. സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനംചെയ്യും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമ്മേളനത്തെ അഭിവാദ്യംചെയ്യും. സിപിഐ (എംഎൽ-)ലിബറേഷൻ, ഫോര്‍വേര്‍ഡ് ബ്ലോക്, ആര്‍എസ്‌പി തുടങ്ങിയ പാര്‍ടികളുടെ നേതാക്കളും പങ്കെടുക്കും.
എസ് സുധാകര്‍ റെഡ്ഡി നഗറിലെ അതുൽ കുമാർ അഞ്ജാൻ നഗറിൽ പ്രതിനിധി സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 800ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. കരട് രാഷ്‌ട്രീയ പ്രമേയം, സംഘടനാ റിപ്പോർട്ട്, അവലോകന റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും. വൈകിട്ട് പലസ്‌തീനും ക്യൂബയ്‌ക്കും ഐക്യദാർഢ്യമറിയിച്ച് പ്രത്യേക യോഗം സംഘടിപ്പിക്കും. പലസ്‌തീന്‍, ക്യൂബ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ പങ്കെടുക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചർച്ച തുടരും. പ്രമേയങ്ങങ്ങൾ അവതരിപ്പിക്കും. സമാപന ദിവസമായ വ്യാഴാഴ്‌ച ദേശീയ കൗൺസിൽ, എക്‌സിക്യൂട്ടീവ്, സെക്രട്ടറിയറ്റ് എന്നിവ രൂപീകരിക്കും. എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.









0 comments