പൊലീസ് ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഏകപക്ഷീയമായി ആളുകളെ പ്രതിചേർത്തു
ഡൽഹി കലാപം ; കപിൽ മിശ്ര വർഗീയ ഭിന്നിപ്പുണ്ടാക്കി : കോടതി

റിതിൻ പൗലോസ്
Published on Apr 03, 2025, 03:08 AM | 1 min read
ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കതിരായ പ്രതിഷേധങ്ങൾക്കിടെ വടക്ക് കിഴക്കൻ ഡൽഹിയിൽ 2020ലുണ്ടായ കലാപത്തിൽ ബിജെപി നേതാവും ഡൽഹി നിയമമന്ത്രിയുമായ കപിൽ മിശ്രയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി റൗസ്‌അവന്യൂ പ്രത്യേക കോടതി.
കപിൽ മിശ്ര വർഗീയ ഭിന്നിപ്പുണ്ടാക്കിയെന്നും പൊലീസ് ഏകപക്ഷീയമായി ഊഹത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ മാത്രം കേസിൽ പ്രതിയാക്കിയെന്നും മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ഉത്തരവിൽ പ്രത്യേക ജഡ്‌ജി വൈഭവ് ചൗരസ്യ വ്യക്തമാക്കി. പൊലീസിന്റെ വാദങ്ങളും സിദ്ധാന്തങ്ങളും വിശ്വസനീയമല്ല. അന്ന് ഡിസിപിയായിരുന്ന ദേവ് പ്രകാശ് സൂര്യയെ മിശ്രയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യണം. മിശ്രയ്‌ക്കും കൂട്ടാളികൾക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഇല്യാസ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയ അഞ്ചിൽ നാല് സംഭവങ്ങളും വിശ്വസനീയമാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിലോ പ്രതികളുടെ സ്വകാര്യ സംഭാഷണങ്ങളിലോ പോലും ഹിന്ദുവിരുദ്ധമായി ഒറ്റവരിപോലുമില്ല . സിഐഎ അനുകൂലികൾ – -സിഐഐ വിരുദ്ധർ എന്നിങ്ങനെ രണ്ടു തരത്തിലാണ് പ്രോസിക്യൂഷന്‍ കേസിനെ സമീപിച്ചത്.
കർദാംപുരിൽ മുസ്ലിങ്ങളുടെയും ദളിതുകളുടെയും ഉന്തുവണ്ടികൾ മിശ്രയും കൂട്ടാളികളും തകർക്കുന്നത് കണ്ട ഹർജിക്കാരന്റെ മൊഴിപോലും എടുക്കാതെ ഡൽഹി പൊലീസ് മിശ്രയ്‌ക്ക് ക്ലീൻ ചിറ്റ് നൽകി. ‘ഒരു ഭാഗത്ത് ഞങ്ങളും മറുഭാഗത്ത് മുസ്ലിങ്ങളുമെന്ന് ’ ചോദ്യം ചെയ്യലിൽ മിശ്രപറഞ്ഞിരുന്നു. ഇത് മുസ്ലിങ്ങളും അല്ലാത്തവരുമെന്നുള്ള ഭിന്നിപ്പുണ്ടാക്കലാണ്. യുഎപിഎ നിയമത്തിന്റെ പരിധിയിൽ വരുന്ന പല കാര്യങ്ങളും മിശ്ര പറഞ്ഞിട്ടും തുടർ ചോദ്യങ്ങളുണ്ടായില്ല.
‘സമരക്കാരെ നീക്കിയില്ലങ്കിൽ ഞങ്ങൾ നാളെ വന്ന് പ്രതിഷേധിക്കു’മെന്ന് ഡിസിപി ദേവ് പ്രകാശ് സൂര്യയോട് മിശ്ര പറഞ്ഞത് അന്ത്യശാസനം നൽകലാണ്. പ്രതിഷേധം അവസാനിപ്പിച്ചില്ലങ്കിൽ കൊല്ലപ്പെടുമെന്ന് സമരക്കാരോട് ഓടിനടന്ന് ഡിസിപി പറഞ്ഞു. ഇത് കേട്ടവരെ കണ്ടത്തി ഡിസിപിയെ മിശ്രയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യണം. കേസ് അന്വേഷണ നടപടികൾ ഏപ്രിൽ 16നുള്ളിൽ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറ യുന്നു.









0 comments