മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് വീണ്ടും മരണം; ഇതുവരെ ജീവൻ നഷ്ടമായത് 22 പേർക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ ചുമ മരുന്ന് കഴിച്ച് ചികിത്സയയിലായിരുന്ന രണ്ട് കുട്ടികൾ കൂടി മരിച്ചു. പരസിയ സ്വദേശികളായ വിശാൽ (5), മായങ്ക് സൂര്യവംശി (4) എന്നിവരാണ് മരിച്ചത്. ഇതോടെ വിഷാംശമുള്ള ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 22 ആയി ഉയർന്നു.
നാഗ്പൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടികളുടെ മരണം. ചിന്ദ്വാരയിൽ നിന്നുള്ള നിരവധി കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രീശൻ ഫാർമ നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പിലെ വിഷാംശം മൂലമുണ്ടായ വൃക്ക തകരാറാണ് മരണങ്ങൾക്ക് കാരണമെന്നാണ് നിഗമനം.
Related News
ശ്രീശൻ ഫാർമയുടെ ഉടമ രംഗനാഥൻ ഗോവിന്ദനെ ചെന്നൈയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കമ്പനിയുടെ നിർമ്മാണ യൂണിറ്റ് സീൽ ചെയ്തു. ചെന്നൈ കോടതിയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് നേടിയ ശേഷം രംഗനാഥൻ ഗോവിന്ദനെ മധ്യപ്രദേശിലേക്ക് കൊണ്ടുവരും.
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ ആശുപത്രികളിലും വിതരണക്കാരിലും സംഭരിച്ചിരിക്കുന്ന ദ്രാവക രൂപത്തിലുള്ള മരുന്നുകൾ പരിശോധിക്കുന്നതിനായി മഹാരാഷ്ട്ര എഫ്ഡിഎ പ്രത്യേക ഡ്രൈവ് ആരംഭിച്ചു.
അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാർ എന്ന ഒരു വയസ്സുള്ള ആൺകുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു.
കോൾഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്.








0 comments