ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു
കോർപറേറ്റുകൾ ക്വിറ്റ് ഇന്ത്യ ; രാജ്യമാകെ അലയടിച്ച് കർഷക രോഷം

അമേരിക്കയുടെ അമിത തീരുവകൾക്കും കുത്തകവൽക്കരണത്തിനും എതിരെ കർഷക, കർഷകത്തൊഴിലാളി സംഘടനകൾ ഉത്തർപ്രദേശിലെ നോയിഡയിൽ നടത്തിയ പ്രതിഷേധം
ന്യൂഡൽഹി
ട്രംപിന്റെ അധിക ഇറക്കുമതിച്ചുങ്ക ഭീഷണിക്കും മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കുമെതിരെ രാജ്യമാകമാനം അലയടിച്ച് കർഷകപ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ ‘കോർപറേറ്റുകൾ ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യമുയർത്തി കർഷകരും തൊഴിലാളികളും തെരുവിലിറങ്ങി. ഇന്ത്യയിലെ ഉൽപ്പന്നങ്ങൾക്ക് അമിത തീരുവ ചുമത്തിയ അമേരിക്കൻ ചൂഷക നയങ്ങൾക്കെതിരെ ട്രംപിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കേന്ദ്രസർക്കാരിന്റെ കുത്തകനയങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും കത്തിച്ചു.
ഉത്തർപ്രദേശിലെ നോയിഡയിൽ ട്രംപിന്റെ കോലം കത്തിക്കരുതെന്ന പൊലീസ് ഭീഷണികൾക്ക് പ്രക്ഷോഭകർ വഴങ്ങിയില്ല. കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ബഹുജന പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിച്ചു. പഞ്ചാബിലും ഹരിയാനയിലും ട്രാക്ടർ റാലി നടത്തി.
അമേരിക്കൻ ഭീഷണികൾക്ക് കീഴടങ്ങാതെ കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത കിസാൻ മോർച്ചയും അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ എത്രയും വേഗം നടപ്പിലാക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
പ്രക്ഷോഭത്തിൽ അഖിലേന്ത്യ കിസാൻ സഭ, ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബികെഎംയു), അഖിലേന്ത്യ റൂറൽ ലേബറേഴ്സ് അസോസിയേഷൻ (എഐഎആർഎൽഎ), അഖിലേന്ത്യ സംയുക്ത് കിസാൻ സഭ (എഐഎസ്‌കെഎസ്), അഖിലേന്ത്യ അഗ്രികൾച്ചറൽ കിസാൻ സ്റ്റുഡന്റ്സ് യൂണിയൻ (എഐഎകെഎസ്‌യു) തുടങ്ങി പത്തിലേറെ കേന്ദ്ര ട്രേഡ് യൂണിയനുകൾ പങ്കാളികളായി.









0 comments