കോച്ചിങ് സെന്റർ തട്ടിപ്പ്: ദിനേഷ് ഗോയലിന്റെ അക്കൗണ്ടിലെ 11 കോടി രൂപ കണ്ടുകെട്ടി

നോയിഡ : കോച്ചിങ് സെന്റർ തട്ടിപ്പുമായി ബന്ധപ്പെട്ട് എഫ്ഐഐടി- ജെഇഇ കോച്ചിങ് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപകൻ ദിനേഷ് ഗോയലിന്റെ അക്കൗണ്ടുകളിൽ നിന്ന് 11 കോടി രൂപ കണ്ടുകെട്ടി. ഗ്രേറ്റർ നോയിഡ പൊലീസാണ് 12 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 11.11 കോടി രൂപ കണ്ടുകെട്ടിയത്. അന്വേഷണം മുന്നോട്ട് പോവുകയാണെന്നും കേസിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെയെല്ലാം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
ഗ്രേറ്രർ നോയിഡയിലും നോയിഡയിലും നടത്തി വന്നിരുന്ന മത്സരപ്പരീക്ഷകൾക്കായുള്ള പ്രീമിയർ കോച്ചിങ് ഇൻസ്റ്റിറ്റ്യൂഷനായ എഫ്ഐഐടി- ജെഇഇ അടച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ജനുവരി 24ന് ഒമേഗ 2 സ്വദേശിയായ മനോജ് സിങ് നൽകിയ പരാതിയിലാണ് വിഷയത്തിൽ ആദ്യമായി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.
മനോജിന്റെ മകൾ കോച്ചിങ് സെന്ററിൽ നാല് വർഷത്തെ പ്രോഗ്രാമിനായി എൻറോൾ ചെയ്തിരുന്നു. 2.90 ലക്ഷമാണ് മനോജിന്റെ കയ്യിൽ നിന്ന് വാങ്ങിയത്. എന്നാൽ ജനുവരി 21ന് അധ്യാപകരെല്ലാം യൂണിവേഴ്സിറ്റിയിൽ നിന്ന് പോയെന്നും അതിനാൽ കോച്ചിങ് സെന്റർ അടയ്ക്കുകയാണെന്നും കാണിച്ച് മനോജിന് സന്ദേശം ലഭിക്കുകയായിരുന്നു.
ബിഎൻഎസ് സെക്ഷൻ 318(4), 316(2) പ്രകാരമാണ് എഫ്ഐഐർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോളജ് പാർക്ക് പൊലീസും സൈബർ ക്രൈം ടീമും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ദിനേഷ് ഗോയലിന് 172 കറന്റ് അക്കൗണ്ടുകളും 12 സേവിങ്സ് അക്കൗണ്ടുകളുമുണ്ടെന്ന് പൊലീസ് കണ്ടെത്തി. 12 ബാങ്കുകൾ നൽകിയ വിവരങ്ങൾ പ്രകാരമാണ് 11 കോടി രൂപ മരവിപ്പിച്ചത്. വിവിധയിടങ്ങളിലുള്ള കോച്ചിങ് സെന്ററുകളിൽ നിന്ന് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ച് നിരവധി അധ്യാപകർ രാജിവച്ചിരുന്നു. തുടർന്നാണ് സ്ഥാപനങ്ങൾ അടയ്ക്കുകയാണെന്ന് ദിനേഷ് ഗോയൽ രക്ഷകർത്താക്കളെ അറിയിച്ചത്. രാജ്യത്താകമാനമായി 73 കോച്ചിങ് സെന്ററുകളാണ് ഇവർക്കുള്ളത്.









0 comments