സ്പെഷ്യൽ സെൽ സ്റ്റോർ ഹൗസിൽ നിന്ന് 50 ലക്ഷവും സ്വർണവും കവർന്നു: ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിൽ പൊലീസ് സ്പെഷ്യൽ സെല്ലിന്റെ സ്റ്റോർ ഹൗസിൽ നിന്ന് 50 ലക്ഷം രൂപയും സ്വർണവും കവർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ലോധി റോഡ് പ്രദേശത്തുള്ള അതീവ സുരക്ഷാ സംവിധാനങ്ങളിലൊന്നായ സ്റ്റോർ ഹൗസിൽ നിന്നാണ് 50 ലക്ഷം രൂപയും രണ്ട് പെട്ടി സ്വർണവും ഇയാൾ മോഷ്ടിച്ചത്. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലിൽ നിയമിച്ച ഹെഡ് കോൺസ്റ്റബിൾ ഖുർഷീദിനെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോധി റോഡിലുള്ള സ്‌പെഷ്യൽ സെൽ സ്റ്റോർഹൗസിന്റെ (മൽഖാന) പരിസരത്ത് പ്രവേശിച്ച ഖുർഷീദ് 4.30ഓടെ രണ്ട് പെട്ടി സ്വർണ്ണവും ഒരു ബാഗ് നിറയെ പണവുമായാണ് പുറത്തുകടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ചു സമയത്തിനു ശേഷമാണ് മോഷണവിവരം പുറത്തറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഖുർഷിദിനെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സ്പെഷ്യൽ സെല്ലിന്റെ ഒരു സംഘം ശനിയാഴ്ച ഖുർഷിദിനെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് വരെ മാൽഖാനയിലാണ് ഖുർഷിദ് ജോലി ചെയ്തിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കിഴക്കൻ ഡൽഹിയിലേക്ക് സ്ഥലം മാറ്റിയത്.
മൽക്കാനയുടെ ഉൾവശത്തെപ്പറ്റിയും സുരക്ഷയെപ്പറ്റിയുമെല്ലാം ഖുർഷിദിന് വ്യക്തമായി അറിയാമായിരുന്നുവെന്നും അവിടെ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഖുർഷിദിന് പരിചയമുണ്ടായിരുന്നുവെന്നും ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ പേർക്കും ഖുർഷിദിനെ സ്ഥലം മാറ്റിയ വിവരം അറിയില്ലായിരുന്നു. അതിനാലാണ് തടസമൊന്നുമില്ലാതെ ഉള്ളിൽ കടക്കാൻ കഴിഞ്ഞതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.









0 comments