'കൂലി' സെൻസർ വിവാദം: യു/എ സർട്ടിഫിക്കറ്റിനായുള്ള ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ലോകേഷ്- രജനീകാന്ത് ചിത്രം കൂലിക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പതിനെട്ട് വയസിന് തഴെയുള്ള കുട്ടികൾക്ക് നിലവിൽ സിനിമ കാണാൻ അനുവാദമില്ല.
1957 ലെ പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 5 പ്രകാരം ജസ്റ്റിസ് ടി വി തമിൾസെൽവിയാണ് പ്രൊഡക്ഷൻ ഹൗസ് സമർപ്പിച്ച അപ്പീൽ തള്ളിയത്. അക്രമാസക്തമായ ഉള്ളടക്കവും പുകവലിയുടെയും മദ്യത്തിന്റെയും തുടർച്ചയായ ചിത്രീകരണവും കാരണം സിനിമ കുട്ടികൾ കാണാൻ യോഗ്യമല്ലെന്നായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) തീരുമാനം. ഇത് ചോദ്യം ചെയ്ത ഹർജിയാണ് തള്ളിയത്.
മദ്യപിക്കുന്നത് ഉൾപ്പെടെയുള്ള ചില രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും മോശം വാക്കുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജെ രവീന്ദ്രൻ പറഞ്ഞു. സിനിമയിൽ രജനീകാന്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്നതിനായാണ് ചിത്രം നിർമ്മിച്ചത്. രാജ്യമെമ്പാടും ചിത്രം ബ്ലോക്ക്ബസ്റ്ററായി. എന്നാൽ "എ" സർട്ടിഫിക്കേഷൻ കാരണം എല്ലാ പ്രായത്തിലുമുള്ള ആരാധകർക്ക് ഇത് കാണാൻ കഴിഞ്ഞില്ലെന്നും രവീന്ദ്രൻ പറഞ്ഞു.
സിബിഎഫ്‌സിയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എആർഎൽ സുന്ദരേശൻ ഹാജരായി. സിനിമ അമിത അക്രമം നിറഞ്ഞതാണെന്നും എ സർട്ടിഫിക്കേഷൻ നൽകുന്നതിൽ പരിശോധനാ സമിതിയും റിവൈസിംഗ് കമ്മിറ്റിയും യോജിച്ചുവെന്നും എഎസ്ജി കോടതിയെ അറിയിച്ചു. ആഗസ്ത് 14നാണ് ചിത്രം തീയറ്ററുകളിലെത്തിയത്.









0 comments