ഒന്നര മാസത്തിനിടെ 21 യുവാക്കൾ മരിച്ചു
കർണാടകയിലെ ഹൃദയാഘാത മരണങ്ങൾ; കോവിഡ് വാക്സിൻ കാരണമെന്ന് മുഖ്യമന്ത്രി, അല്ലെന്ന് കേന്ദ്ര സർക്കാർ

കർണാടകയിൽ യുവാക്കൾക്കിടയിൽ ആവർത്തിക്കുന്ന ഹൃദയാഘാത മരണങ്ങൾ ആശങ്കയായി തുടരുന്നു. കോവിഡ് വാക്സിനും ഇത്തരം മരണങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആഗോളതലത്തിൽ തന്നെ പഠനങ്ങൾ വാക്സിനും ഹൃദയസ്തംഭനവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പിന്നാലെ മുഖ്യമന്ത്രിയെ തള്ളി കേന്ദ്രം രംഗത്തെത്തി. മരണങ്ങളും കോവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഐസിഎംആറിന്റെയും (Indian Council of Medical Research) എൻസിഡിസിയുടെയും (National Centre for Disease Control) പഠന റിപ്പോർട്ടുകൾ ഈ സംശയങ്ങളെ തള്ളുന്നു. കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയിട്ടുളളത്. രാജ്യത്തെ ഹൃദയാഘാത മരണങ്ങളുടെ വർധനവിൽ വിവിധ ഏജൻസികളിലൂടെ അന്വേഷണം നടത്തിവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
40 ദിവസം 21 മരണം, പ്രായം 30 ൽ താഴെ
കർണാടകയിൽ കഴിഞ്ഞ നാൽപതു ദിവസത്തിടെ ഹാസൻ ജില്ലയിൽ മാത്രം 21 ഹൃദയാഘാത മരണങ്ങൾ സ്ഥിരീകരിച്ചു. മരിച്ചവരിൽ ഏറെയും പത്തൊമ്പതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. ഇവർ പ്രത്യേകം ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. വീടുകളിലും പൊതുയിടങ്ങളിലും പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു, എന്നുമാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മാത്രം മൂന്ന് പേരാണ് ജില്ലയില്‍ ഹൃദയാഘാതം മൂലം മരിച്ചത്
2025 മെയ് 28 നും ജൂൺ 28 നും ഇടയിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട് ചെയ്തത്. പലര്‍ക്കും യാതൊരു ലക്ഷണങ്ങളില്ലായിരുന്നു. മരിച്ചവരിൽ പതിനാലു പേർ ആശുപത്രിയിലെത്തും മുമ്പ് വീട്ടിൽ വെച്ചാണ് മരിച്ചത്. ഒമ്പത് പേർ 30 വയസ്സിന് താഴെയുള്ളവരായിരുന്നുവെന്നും എച്ച് ഐഎംഎസ് ഡയറക്ടർ ഡോ. രാജണ്ണ ബി പറഞ്ഞു. ഇതോടെ ബെംഗളൂരുവിലെയും മൈസൂരുവിലെയും ജയദേവ ആശുപത്രികളിൽ അടിയന്തര കാർഡിയാക് ഒപിഡി സന്ദർശനങ്ങളിൽ 20 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തു. മരണങ്ങൾ സംസ്ഥാനത്തുടനീളം ആശങ്കയായിട്ടുണ്ട്.
കാരണം കണ്ടത്താൻ ഡോക്ടർമാരുടെ സംഘം
ജില്ലയിൽ എല്ലാവർക്കും ഇസിജി, രക്തപരിശോധനാ ക്യാമ്പുകൾ നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ, കോളേജുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാമ്പയിനുകൾ ശക്തിപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.
ജയദേവ കാർഡിയോ വാസ്കുലാർ സയന്റ്സ്&റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ.രവീന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിംഹാൻസ്, സെന്റ് ജോൺ മെഡിക്കൽ കോളേജ്, ബിഎംസിആർഐ, മണിപ്പാൽ ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസസ് ഇൻസ്റ്റിറ്റ്യൂട്ട്, ആസിഎംആർ-എൻസിഡിഐആർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. പെട്ടെന്നുള്ള ഹൃദയസ്തംഭനം, പക്ഷാഘാതം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഈ മരണങ്ങളുടെ യഥാർഥ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

മദ്യപാനം, പുകയില, അമിതവണ്ണം, സമ്മർദം, ജനിതക ഘടകങ്ങൾ തുടങ്ങിയവയാണ് ഹൃദയാഘാത മരണങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. കോവിഡ് വാക്സിനേഷനല്ല മറിച്ച് നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും ആവാം യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്നാണ് ഐസിഎംആറിന്റെയും (Indian Council of Medical Research) എൻസിഡിസിയുടെയും (National Centre for Disease Control) പഠന റിപ്പോർട്ടുകൾ പറയുന്നത്.
കർണാടകയിൽ സാധാരണം, ഹാസനിലെ മാത്രമല്ലെന്നും
കർണാടകയിലെ ഹാസൻ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 20 ഹൃദയാഘാത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന മാധ്യമ റിപ്പോർട്ടുകൾ സംസ്ഥാനത്തെ സംബന്ധിച്ച് അസാധാരണമല്ലെന്ന് സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് (എസ്‌ജെഐസിഎസ്‌ആർ) ഡയറക്ടർ ഡോ. കെ.എസ്. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഡോക്ടറെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ വിശകലനം പുറത്തു വിട്ടു.
സംസ്ഥാനത്തുടനീളം കാണപ്പെടുന്നതിന് ഏകദേശം സമാനമാണ് ഹാസനിലെയും മരണങ്ങൾ എന്നാണ് വിശദീകരണം. കർണാടകയിലെ ഹൃദയാഘാത മരണങ്ങളുടെയും ഹൃദ്രോഗങ്ങളുടെയും ഡാറ്റ വിശകലനം ചെയ്ത് ഹാസൻ മരണങ്ങൾ സംസ്ഥാനത്ത് കാണപ്പെടുന്ന പൊതു പ്രവണതയിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു.
കണക്കുകൾ ഉയർന്നത്
സർക്കാർ ആശുപത്രി രേഖകളിൽ നിന്ന് മാത്രം ശേഖരിച്ച ഡാറ്റ പ്രകാരം, ഈ വർഷം ജനുവരി മുതൽ മെയ് വരെ കർണാടകയിൽ രേഖപ്പെടുത്തിയ ഹൃദയാഘാതവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 6,943 ആണ്. പ്രതിമാസം ശരാശരി 1,388 മരണങ്ങൾ. ഈ കാലയളവിൽ ഹാസനിൽ ഹൃദയാഘാത മരണങ്ങൾ 183 ആണ്, പ്രതിമാസം ശരാശരി 36 എന്നും വിശദീകരിക്കപ്പെട്ടു.
ഹസ്സൻ മരണങ്ങളിൽ ഭൂരിഭാഗവും പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ല, ക്ലിനിക്കൽ ചരിത്രവുമില്ലെന്ന് ഡോ. രവീന്ദ്രനാഥ് പറഞ്ഞു. “ഇസിജി ചെയ്തിട്ടുണ്ടോ, അവർ ഒരു ഡോക്ടറെ കണ്ടിട്ടുണ്ടോ, മരണം വീട്ടിൽ വച്ചാണോ അതോ യാത്രാമധ്യേയാണോ, അത് രേഖപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അറിയിച്ചു.
ബെംഗളൂരുവിലെ എസ്‌ജെഐസിഎസ്‌ആറിലെ കാർഡിയോളജി പ്രൊഫസർ പി എസ് സുബ്രമണി “ഹാസനിലെ സംഭവങ്ങൾ യാദൃശ്ചികവും അസാധാരണവുമല്ലെന്ന് തോന്നുന്നു. "യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്," എന്ന് ഇതിനെ കുറിച്ച് പ്രതികരിച്ചു.









0 comments