നഖം പിഴുതെടുത്തു, വായ തകർത്തു: ഛത്തീസ്ഗഡിൽ കരടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു

BEAR ATTACK
വെബ് ഡെസ്ക്

Published on Apr 13, 2025, 08:38 AM | 1 min read

റായ്പൂര്‍: ഛത്തീസ്ഗഡിൽ ഗ്രാമവാസികൾ കരടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കരടിയെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം.


കരടിയുടെ കൈ ഒരു മരപ്പലകയിൽ സ്റ്റീൽ വയർ ഉപയോഗിച്ച് കെട്ടിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കരടി വേദനകൊണ്ട് പുളയുമ്പോൾ അരികിൽ നിൽക്കുന്ന ഒരാൾ അതിന്റെ ചെവികൾ ശക്തിയോടെ വലിക്കുന്നുണ്ട്. മറ്റൊരു യുവാവ് കൈകൾ കൊണ്ട് കരടിയുടെ തലയിൽ ശക്തമായി അടിക്കുന്നുണ്ട്. അതേ വ്യക്തി തന്നെ കരടിയുടെ നഖങ്ങൾ പറിച്ചെടുക്കുന്നതും കാണാം.


കുട്ടികളും സ്ത്രീകളും മറ്റ് ഗ്രാമവാസികളും കരടിയെ ഉപദ്രവിക്കുന്നത് നോക്കിനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കരടിയെ ക്രൂരമായി മർദ്ദിക്കുകയും വായ തകർക്കുകയും ചെയ്തു. വീഡിയോയിൽ, കരടിയുടെ വായിൽ നിന്ന് ധാരാളം രക്തം ഒഴുകുന്നതും കാണാം. ദൃശ്യങ്ങൾ വൈറലായതോടെ വനം വകുപ്പ് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.


കരടിയെ ക്രൂരമായി പീഡിപ്പിച്ചവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. "വീഡിയോയിൽ കാണുന്ന ആളുകൾ ആരാണെങ്കിലും ഞങ്ങൾ കണ്ടെത്തും. 1972 ലെ വന്യജീവി നിയമം അനുസരിച്ച് അവർക്കെതിരെ നടപടിയെടുക്കും. ഇത്തരം കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ വ്യവസ്ഥയുണ്ട് "- ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ സി ദുഗ്ഗ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Home