ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്‌ച; മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സംസ്ഥാന സർക്കാർ മുൻകരുതലെടുത്തില്ല; സിഐടിയു

citu utharakhand issue reacted
വെബ് ഡെസ്ക്

Published on Feb 28, 2025, 06:58 PM | 1 min read

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചിമോളിയിലുണ്ടായ മഞ്ഞുവീഴ്‌ചയുടെ കാരണം കേന്ദ്ര സർക്കാരിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ജാഗ്രതയില്ലായ്‌മയെന്ന്‌ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു).


ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലുണ്ടായ മഞ്ഞുവീഴ്‌ചയെ നേരിടാൻ വേണ്ട മുൻകരുതലുകളും സജ്ജീകരണങ്ങളും കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും ഒരുക്കിയിട്ടില്ലെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു. മഞ്ഞുവീഴ്‌ചയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.


മഞ്ഞുവീഴ്ചയിൽ അതിർത്തി റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പോലും അവിടെ എത്താൻ കഴിയാത്ത സാഹചര്യമാണ്‌. പ്രതികൂല കാലാവസ്ഥയിലും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്‌ സർക്കാർ നൽകുന്ന സുരക്ഷയുടെ ദുരവസ്ഥയാണ്‌ അപകടം വെളിപ്പെടുത്തുന്നതെന്ന്‌ സിഐടിയു പറഞ്ഞു. കുന്നിൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും, ഇരട്ട എഞ്ചിൻ സർക്കാർ യാതൊരു മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ എടുക്കാത്തത്‌ ലജ്ജാകരമാണെന്ന്‌ സിഐടിയു വ്യക്തമാക്കി. അതിർത്തി റോഡ് നിർമാണം ഏറ്റെടുത്ത കേന്ദ്ര പ്രതിരോധ മന്ത്രാലയം അപകടത്തിൽപ്പെട്ട വരോടുകാണിക്കുന്ന നിസംഗത കടുത്ത ക്രൂരതയെ സൂചിപ്പിക്കുന്നു.


പ്രതികൂല കാലാവസ്ഥയിൽ മഞ്ഞുവീഴ്‌ചയുണ്ടാകുമ്പോൾ ആവശ്യമായ സുരക്ഷാ തയ്യാറെടുപ്പുകൾ ഇല്ലാതെ തൊഴിലാളികളെ ഇത്തരം ജോലി ഏൽപ്പിക്കുന്ന കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുകയും പിഴ ചുമത്തുകയും വേണം. ഈ തൊഴിലാളികളിൽ ഭൂരിഭാഗം പേരും ആവശ്യമായ സുരക്ഷയും ആരോഗ്യവും, ഗതാഗത –-പാർപ്പിട സൗകര്യങ്ങളും ഇല്ലാതെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ കഴിയുന്നവരാണ്‌. ഇവരുമായി കൃത്യമായ ആശയവിനിമയം നടത്താൻ സാധിക്കാത്തതും രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ വഷളാക്കിയതായി സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു.


1979 ലെ ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്‌സ് ആക്ട്, 1970 ലെ കോൺട്രാക്ട് ലേബർ (റെഗുലേഷൻ & അബോളിഷൻ) ആക്ട് എന്നിവ പ്രകാരം കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്നവർ മഞ്ഞുവീഴ്‌ച മൂലമുണ്ടായ നഷ്ടങ്ങൾക്ക് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ പ്രവൃത്തികളിൽ നിയമപരമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം തൊഴിലാളികളുടെ ജീവന്‌ സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാർ വേണ്ട നടപടിയെടുക്കണമെന്നും സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home