പൗരത്വ രേഖകൾ പരിശോധിക്കണം; ആറംഗ കുടുംബത്തെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്ന നടപടികൾക്ക് സ്റ്റേ

ന്യൂഡൽഹി: വിസ കാലാവധി അവസാനിച്ചതിന് പിന്നാലെ ആറ് പേരെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്ന നടപടിക്ക് താത്കലിക സ്റ്റേ. പാകിസ്ഥാനിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ച കുടുംബത്തിന്റെ പൗരത്വ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ബംഗളൂരുവിൽ താമസിക്കുന്ന അഹമ്മദ് തരെക് ബട്ട് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദേശം. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്ന കാലയലവിലേക്കാണ് നാടുകടത്തൽ നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്.
മാനുഷിക പരിഗണനയുള്ള വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി, രേഖകൾ പരിശോധിക്കാനുള്ള ഉത്തരവിൽ പരാതിയുണ്ടെങ്കിൽ ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിക്കാമെന്നും കുടുംബത്തിനെ അറിയിച്ചു. അഹമ്മദ് തരെക് ബട്ടും അദ്ദേഹത്തിന്റെ അഞ്ച് കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സാധുവായ ഇന്ത്യൻ രേഖകൾ ഉണ്ടായിരുന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് വാഗാ അതിർത്തിയിലേക്ക് കൊണ്ടുപോയി പാകിസ്ഥാനിലേക്ക് നാടുകടത്തിയതായി അവകാശപ്പെട്ടാണ് ഹർജി.
പാക് അധിനിവേശ കശ്മീരിൽ ജനിച്ച തന്നെയും തന്റെ കുടുംബത്തെ നാടുകടത്തിയതിനെതിരെയാണ് അഹമ്മദ് തരെക് സുപ്രീം കോടതിയെ സമീപിച്ചത്. ഇവർ ഇന്ത്യൻ പൗരന്മാരാണെന്നും പാകിസ്ഥാൻ പൗരന്മാരല്ലെന്നും അവകാശപ്പെട്ടായിരുന്നു ഹർജി. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് കേന്ദ്രം പാകിസ്ഥാൻ പൗരന്മാരുടെ വിസ റദ്ദാക്കുകയും അവരോട് സ്വന്തം രാജ്യത്തേക്ക മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹർജി നൽകിയത്.
തനിക്കും മാതാപിതാക്കൾ, സഹോദരി, ഇളയ സഹോദരൻ എന്നിവരുൾപ്പെടെയുള്ള കുടുംബത്തിനും ആഭ്യന്തര മന്ത്രാലയം നൽകുന്ന സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുകൾ ഉണ്ടെന്ന് ഹർജിക്കാരൻ പറഞ്ഞു. 1997 വരെ പാക് അധിനിവേശ കശ്മീരിലെ മിർപൂരിൽ താമസിച്ചിരുന്നതായും തുടർന്ന് ശ്രീനഗറിലേക്ക് താമസം മാറി. ശ്രീനഗറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 2009 ൽ ഉന്നത പഠനത്തിനായി ബംഗളൂരുവിലേക്ക് താമസം മാറി.
1997-ൽ പാകിസ്ഥാൻ വിസയിലാണ് കുടുംബം ഇന്ത്യയിൽ പ്രവേശിച്ചതെന്നും വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിടേണ്ടിവരുമെന്നും വിദേശികളുടെ റീജിയണൽ ഓഫീസർ (FRO) അവകാശപ്പെടുന്നത് സത്യമല്ലെന്നും ഹർജിയിൽ പറയുന്നു.









0 comments