നിതീഷിന്റെ തന്ത്രവുമായി ചിരാഗ് പസ്വാൻ വരുന്നു, ബിഹാർ രാഷ്ട്രീയത്തിൽ പുതിയ നെഞ്ചിടിപ്പ്


എൻ എ ബക്കർ
Published on Jun 01, 2025, 04:28 PM | 4 min read
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര മന്ത്രിയും രാവിലാസ് പസ്വാന്റെ മകനുമായ ചിരാഗ് പസ്വാൻ. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ പിൻവാങ്ങൽ പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള ചിരാഗിന്റെ നീക്കം സംസ്ഥാന തെരഞ്ഞെടുപ്പിനോടടുക്കുന്ന ബിഹാറിലെ മുന്നണി ബന്ധങ്ങളിൽ പുതിയ ചർച്ചകൾ ഉയർത്തുന്നു.
ലോക് ജനശക്തി പാർടി (റാം വിലാസ്) അധ്യക്ഷനായ ചിരാഗ് പസ്വാൻ ഇപ്പോൾ കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രിയാണ്. ബിഹാറിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ പ്രധാന കക്ഷിയാണ് ചിരാഗിന്റെ എൽജെപി. ബിജെപിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യുണൈറ്റഡ്) നും ശേഷം എൻഡിഎയിലെ മൂന്നാമത്തെ വലിയ പാർടിയാണ് ഇത്.
നിതീഷ് കുമാർ കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് അടൽ ബിഹാരി വാജ്പേ എന്ന് തെറ്റി പറഞ്ഞിരുന്നു. അസുഖങ്ങളും ഓർമ്മക്കുറവും ചർച്ചയാവുന്നതിനിടയിലണ് ഇതും വാർത്തായയത്. നിതീഷിന് ശേഷം ജെഡിയു നേതൃനിര വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ പാർടിയാണ് ചിരാഗ് പസ്വാന്റെ എൽ ജെ പി.
നിതീഷിന് ശേഷം ബി ജെ പി നയിക്കുന്ന സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാവും എന്ന ചോദ്യം ബിഹാറിൽ വലിയ ചർച്ചയാണ്. നിതീഷ് കുമാർ ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മുന്നണി മാറിക്കൊണ്ട് കളിച്ച രാഷ്ട്രീയ തന്ത്രം ചിരാഗ് ഏറ്റെടുത്തേക്കുമോ എന്ന കൌതുകമാണ് ഇതിനിടയിൽ ഉയരുന്നത്. ബിഹാറിൽ ഒരു പൊതുപരിപാടിക്കിടെ നരേന്ദ്ര മോദി ചിരാഗ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനെ പരോക്ഷമായി അഭിനന്ദിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ നീക്കങ്ങൾക്ക് മുൻപേ ഉറപ്പിച്ച് നിർത്തൽ പ്രഖ്യാപിക്കയായിരുന്നു ഇതെന്ന് വിലയിരുത്തപ്പെടുന്നു. ബിജെപി പാർട്ടി വക്താവ് പ്രഭാകർ മിശ്ര ചിരാഗിനെ “പ്രധാനമന്ത്രിയുടെ ഹനുമാൻ” എന്നാണ് മോദിയുടെ പ്രസംഗത്തിന് പിന്നാലെ വിശേഷിപ്പിച്ചത്.

ബിജെപിയെ ബിഹാറിൽ മുന്നണി തലപ്പത്തേക്ക് നയിച്ചതിൽ എൽജെപിയുടെ സാന്നിധ്യം നിർണ്ണായകമായിരുന്നു. 2020 ൽ നിയമസഭയിലെ 243 സീറ്റുകളിൽ ബിജെപി 110 എണ്ണത്തിൽ മത്സരിച്ച് അതിൽ 74 എണ്ണം നേടിയപ്പോൾ നിതീഷിന്റെ ജെഡി(യു) 115 സീറ്റുകളിൽ മത്സരിച്ച് 43 എണ്ണത്തിൽ മാത്രമാണ് വിജയം നേടിയത്. വിഐപി 13 സീറ്റുകളിൽ മത്സരിച്ച് 4 എണ്ണത്തിൽ ജയിച്ചു. എച്ച്‌എഎം (എസ്) ലഭിച്ച ഏഴ് സീറ്റുകളിൽ നാലെണ്ണം നേടി.
ഒക്ടോബർ നവംബർ മാസങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്.
എൽജെപിയുടെ സ്വാധീന ശേഷിയും മോഹങ്ങളും
നിതീഷ് ഒഴിയുമ്പോൾ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ നേതൃത്വത്തിലാകും എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷെ അവർക്ക് ഒറ്റയ്ക്ക് ബിഹാർ രാഷ്ട്രീയത്തിൽ മുന്നേറുക എളുപ്പമല്ല. ആ വിടവ് വലുതാണ്. ദലിത് പാർടികളായ രാം വിലാസ് പസ്വാന്റെ എൽജെപിയും ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡിയും കയ്യാളുന്ന വോട്ട് ഷെയർ ചെറുതല്ല. ചിരാഗിന്റെ നീക്കം സൂക്ഷ്മതയോടെയാണ്.
ജെഡിയു – ആർജെഡി സഖ്യ സർക്കാരിന്റെ കാലത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു താനില്ലെന്നും ലാലുവിന്റെ തേജസ്വിയുടെ നേതൃത്വത്തിലാകും ഇന്ത്യാസഖ്യം മൽസരിക്കുകയെന്നും നിതീഷ് കുമാർ പല തവണ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യാ സഖ്യം തങ്ങളുടെ എതിർ പക്ഷം ചേർന്ന നിതീഷിന്റെ ഈ വാക്കുകളുടെ ബാധ്യതയുടെ തടവിൽ തന്നെ നിൽക്കേണ്ടി വരുമോ അതോ മറികടക്കാൻ ധൈര്യം കാണിക്കുമോ എന്നത് പ്രധാനമാണ്.
ബീഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡിക്ക് 243 അംഗ നിയമസഭയിൽ 79 എംഎൽഎമാരുണ്ട്. മുന്നണിയിൽ ഇത് നിർണായകമാണ് എങ്കിലും ഭരണം മറുപക്ഷത്താണ്. നേരത്തെ ഇന്ത്യസഖ്യ പാർടികളുടെ മുന്നണിയിൽ ആയിരുന്ന ചിരാഗിന് അവിടെയും ഒരു ഇടമുണ്ട്. ഈ ഇടവേള ആര് മുതലാക്കും എന്നത് കൂടിയാണ് ചിരാഗിന്റെ ബിഹാർ പ്രവേശം ഉയർത്തുന്ന ചോദ്യം.
കേന്ദ്രമന്ത്രാലയങ്ങളിലെ 45 ഉന്നത തസ്തികകളിൽ സംവരണം പാലിക്കാതെയുള്ള ലാറ്ററൽ എൻട്രി വഴി സ്വകാര്യമേഖലയിലെ വിദഗ്ധരെ നിയമിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തിയപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം മുന്നണി മറന്ന് ചിരാഗ് പാസ്വാനും രംഗത്തെത്തിയിരുന്നു. ഒമ്പത് തവണ എംപിയും കേന്ദ്ര മന്ത്രിയും ആയിരുന്ന വ്യക്തിയാണ് ചിരാഗ് പസ്വാന്റെ പിതാവും ലോക് ജനശക്തി പാർടി സ്ഥാപകനുമായ രാം വിലാസ് പസ്വാൻ.
ജെഡിയുവിനെ തളർത്തിയ വോട്ട് ബലം
2020-ലെ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങിയ 38 സീറ്റുകളിൽ 32 എണ്ണത്തിൽ അന്നത്തെ അവിഭക്ത എൽജെപിക്ക് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡി (യു) യെക്കാൾ അധികം വോട്ടുകൾ ലഭിച്ചിരുന്നു. ഈ 32 സീറ്റുകളിൽ കുറഞ്ഞത് 26 എണ്ണത്തിലെങ്കിലും, ജെഡി (യു) നഷ്ടപ്പെട്ട ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ എൽജെപിക്ക് ലഭിച്ചു. മറ്റ് അഞ്ച് സീറ്റുകളിൽ എൽജെപി രണ്ടാം സ്ഥാനത്ത് എത്തി. ശേഷിക്കുന്ന ഒരു സീറ്റ് 333 വോട്ടുകളുടെ നേരിയ വ്യത്യാസത്തിൽ എൽജെപി വിജയിച്ചു.
നിതീഷുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി എൻഡിഎ വിട്ട ശേഷം എൽജെപി 2020 ലെ തിരഞ്ഞെടുപ്പിൽ സ്വന്തമായി മത്സരിക്കയായിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിക്ക് കനത്ത നഷ്ടം വരുത്തിവച്ചു എന്നത് മാത്രമല്ല ബിജെപിയെക്കാൾ വളരെ താഴ്ന്ന പദവിയിലേക്ക് നീതീഷ് പക്ഷത്തെ അത് താഴ്ത്തി. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ജിയുടെയും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെയും നേതൃത്വത്തിലുള്ള പാർട്ടികളാണ് 243 അംഗ നിയമസഭയിലെ സംസ്ഥാനത്തെ മറ്റ് എൻഡിഎ അംഗങ്ങൾ.
ഇതാക്കെയാണെങ്കിലും 2020 ൽ ചിരാഗ് പാസ്വാന്റെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുരുന്നുള്ളൂ. പിന്നീട് പാർടി ഒരു പിളർപ്പ് നേരിട്ടു. എങ്കിലും സ്വാധീനം നിർണ്ണായകമായി ഉയർത്തി. 2024 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് ലോക്‌സഭാ സീറ്റുകളും അവർ നേടി. അന്ന് ചിരാഗ് പസ്വാൻ മൂന്നാം തവണയും ലോക്‌സഭാ എംപിയായി. ഒരിക്കലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.

"ഡൽഹിയിൽ താമസിക്കുകയും ബോംബെയിൽ ജോലി ചെയ്യുകയും ചെയ്ത ശേഷം ഞാൻ എന്റെ സംസ്ഥാനത്തേക്ക് മടങ്ങാൻ തീരുമാനിച്ചു, ബിഹാർ എന്നെ വിളിക്കുന്നു” എന്നായിരുന്നു ചിരാഗ് പസ്വാന്റെ വാക്കുകൾ. ബിഹാർ എന്നെ വിളിക്കുന്നു എന്ന ടാഗ് ലൈനോടെ ചിരാഗിന്റെ ചിത്രം പതിച്ച് കൂറ്റൻ ഫ്ക്സുകളും പട്നയിൽ ഉയർന്നു.
42 കാരനായ ചിരാഗ് പാസ്വാൻ ബോളിവുഡിലൂടെയാണ് പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത്, കങ്കണ റണാവത്തിനൊപ്പം മിലേ ന മിലേ ഹം (2011) എന്ന ചിത്രത്തിൽ അഭിനയിച്ചു. 2014 ലും 2019 ലും അദ്ദേഹം ജാമുയി പാർലമെന്റ് സീറ്റിൽ മത്സരിച്ച് വിജയിച്ചു. 2020 ൽ പിതാവിന്റെ മരണശേഷം ഉണ്ടായ ആഭ്യന്തര വിള്ളലുകളെത്തുടർന്ന് പാർട്ടി പിളർന്നു - ചിരാഗ് എൽജെപി (റാം വിലാസ്) വിഭാഗത്തെ നയിക്കുന്നു. 2024 മുതൽ ഹാജിപൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്.
ചിരാഗ് കന്നി അങ്കത്തിന് ഇറങ്ങുന്നത് ഇരുമുന്നണികൾക്കും വിലപേശലിനുള്ള അവസരം തുറന്നിട്ടാണ്. നിതീഷ് കുമാർ മാറി മാറി മുഖ്യമന്ത്രി പദത്തിലെത്തിയ മാതൃക ബിഹാറിന് മുന്നിലുണ്ട്.









0 comments