കളിക്കുന്നതിനിടെ കാറിൽ കുടുങ്ങി: ആന്ധ്രയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം

അമരാവതി : കളിക്കുന്നതിനിടെ അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങിയ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. വിജയനഗരം കന്റോൺമെന്റിന് കീഴിലുള്ള ദ്വാരപുഡിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വഴിയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലേക്ക് കയറുകയായിരുന്നു. കാർ ലോക്ക് ചെയ്തിരുന്നില്ല. എന്നാൽ കുട്ടികൾ കയറിയ ഉടൻ കാർ ലോക്കായി. ഇതോടെ കുട്ടികൾ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ഉദയ് (8), ചാരുമതി (8), ചാരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരങ്ങളാണ്
കാറിനുള്ളിൽപ്പെട്ട കുട്ടികൾ ശ്വാസം മുട്ടിയാണ് മരിച്ചത്. സംഭവത്തിനു ശേഷം ഏകദേശം 6 മണിക്കൂറോളം കഴിഞ്ഞാണ് കുട്ടികളെ കണ്ടെത്തുന്നത്. ഏറെ നേരമായിട്ടും കുട്ടികളെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ കാറിനുള്ളില്‍ കുട്ടികളെ കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാറിന്റെ ചില്ല് തകര്‍ത്താണ് കുട്ടികളെ പുറത്തെടുത്തത്. രണ്ട് ദിവസം മുമ്പാണ് ദ്വാരപുടി ഗ്രാമത്തിലെ മഹിളാ മണ്ഡലി ഓഫീസിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. കാറിന്റെ ഉടമ ആരാണെന്ന് വ്യക്തമല്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments