'പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചു'; വിവാദപരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണുവിഗ്രഹവുമായി ബന്ധപ്പെട്ട ഹർജി തള്ളിയപ്പോൾ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. മധ്യപ്രദേശിലെ ഖജുരാഹോയിലെ പുരാതന നിർമിതികളുടെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ വിഷ്‌ണു വിഗ്രഹം നവീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പൊതുതാൽപര്യമല്ല പ്രസിദ്ധിക്കായുള്ള ഹർജിയാണിതെന്നും ഇതിൽ എന്തെങ്കിലും ചെയ്യാൻ പോയി ദൈവത്തോട് പറയു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹർജിക്കാരൻ ഒരു വിഷ്ണു ഭക്തനായതിനാൽ ഇനി ഈ ഹർജിയിൽ എന്തെങ്കിലും ചെയ്യാൻ പോയി പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഈ പരാമർശം മതവിദ്വേഷം പരത്തുന്നതാണെന്നും ഇത് ദൈവത്തോടുള്ള നിന്ദയാണെന്നും പറഞ്ഞ് നിരവധിയാളുകൾ രംഗത്തുവന്നു. സാമൂഹികമാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിനെതിരെ വലിയ ചർച്ചകൾ ഉയർന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസത്തെ പരാമർശത്തിന് അദ്ദേഹം വിശദീകരണം നൽകിയത്. താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സമൂഹമാധ്യമങ്ങൾ അതിനെ വേറൊരു രീതിയിൽ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ എല്ലാ മതങ്ങളെയും ഒരേ പോലെ ബഹുമാനിക്കുകയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരും ഇതിനെ പിന്തുണച്ച് രംഗത്ത് വന്നു. ഇപ്പോൾ എന്ത് പ്രതികരണമുണ്ടായാലും അതിനു അനുപാതികമല്ലാത്ത നിലയിലുള്ള പ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതെന്ന് കോടതിയിലുണ്ടായിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിപ്രായപ്പെട്ടു.









0 comments