ഛത്തീസ്‌ഗഡിലെ പ്രാർഥനായോഗത്തിൽ ഇരച്ചുകയറി ക്രൈസ്‌തവർക്കുനേരെ സംഘപരിവാർ ആക്രമണം

ഛത്തീസ്‌ഗഡിൽ പ്രാർഥനായോഗം അലങ്കോലമാക്കുന്ന ബജ്‌രംഗ്‌ദളുകാർ
റിതിൻ പൗലോസ്
Published on Mar 11, 2025, 12:17 AM | 1 min read
ന്യൂഡൽഹി: ഛത്തീസ്‌ഗഡിലെ റായ്‌പുരിലും ബിലാസ്‌പുരിലും ക്രൈസ്‌തവ പ്രാർഥനായോഗങ്ങൾക്കുനേരെ സംഘപരിവാർ ആക്രമണം. ഞായറാഴ്‌ച റായ്‌പുർ ടാട്ടിബന്ധിലുള്ള ചർച്ച് ഓഫ് ഗോഡിന്റെ പ്രാർഥനയോഗത്തിൽ ഇരച്ചുകയറി ബജ്‌റംഗ്‌ദളുകാർ പ്രകോപനമുണ്ടാക്കി. മലയാളികളടക്കം പങ്കെടുത്ത പരിപാടിയിൽ മതപരിവർത്തനം ആരോപിച്ച് വിശ്വാസികളെ മർദിച്ചു. സ്‌ത്രീകൾക്കുനേരെ ചെരുപ്പെറിഞ്ഞു. എട്ട് കാറും 20 ബൈക്കും തല്ലിത്തകർത്തു. മുതിർന്ന പാസ്റ്ററായ ഒഡീഷ സ്വദേശി പ്രവീണിനെ വിശ്വാസികൾ ആരാധനാലയത്തിൽ പൂട്ടിയിട്ടാണ് രക്ഷിച്ചത്. കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ ഇന്ത്യ ഡിവിഷന് കീഴിലുള്ള പെന്തക്കോസ്‌ത് സഭയിൽ 200 കുടുംബങ്ങളാണുള്ളത്.
ബജ്‌റംഗ്‌ദളുകാർ വീഡിയോ പകർത്തിപ്പോയശേഷം സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നെന്ന് ഹരിപ്പാട് സ്വദേശി ബിജോയ് ദേശാഭിമാനിയോട് പറഞ്ഞു. അക്രമികൾ കെട്ടിടത്തിന്റെ മെയിൻസ്വിച്ച് ഓഫാക്കി സിസിടിവി ദൃശ്യങ്ങൾ പതിയുന്നത് തടഞ്ഞു. വിവരമറിഞ്ഞ് എസ്‌പിയും സംഘവുമെത്തി വിശ്വാസികളെ ബസിൽകയറ്റി നഗരത്തിലുള്ള പൊലീസ് ക്യാമ്പിലെത്തിച്ചു. ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞു. കേസ് എടുത്തെന്ന് പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല–- അദ്ദേഹം പറഞ്ഞു. ബിലാസ്‌പുർ ജില്ലയിൽ കോണി സ്റ്റേഷൻ പരിധിയിലെ രാംതല ഗ്രാമത്തിലും ആക്രമണമുണ്ടായി. അനംകാര വിഭാഗത്തിന്റെ പ്രാർഥനായോഗമാണ് അലങ്കോലമാക്കിയത്. മതപരിവർത്തനം ആരോപിച്ച് വിശ്വാസികളെ മർദിച്ചു. ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.









0 comments