ഛത്തീസ്‌ഗഡിലെ ക്രൈസ്തവ വേട്ട ; വനിതാകമീഷനിൽ ഹാജരാകാതെ ബജ്‌രംഗ്‌ദൾ നേതാവ്‌ ജ്യോതി ശർമ

Jyoti Sharma
വെബ് ഡെസ്ക്

Published on Aug 26, 2025, 02:00 AM | 1 min read


ന്യൂഡൽഹി

ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകൾ മതപരിവർത്തനത്തിന്‌ ശ്രമിച്ചുവെന്നാരോപിച്ച്‌ സംഘപരിവാർ സംഘടനകൾ നടത്തിയ അക്രമത്തിനെതിരെ ആദിവാസി യുവതികൾ വനിതാ കമീഷന്‌ നൽകിയ പരാതിയിൽ നടപടി നീട്ടികൊണ്ടുപോകാൻ ശ്രമം. വനിതാ കമീഷൻ കഴിഞ്ഞ ദിവസം ഹിയറിങ്‌ നടത്തിയെങ്കിലും ബജ്‌രംഗ്‌ദൾ നേതാവ്‌ ജ്യോതി ശർമ ഹാജരാകാതെ ഒഴിഞ്ഞുമാറി.


സ്ഥലത്തെത്തിയെങ്കിലും അവർ ഹാജരാകാതെ സ്ഥലംവിട്ടു. കന്യാസ്‌ത്രീകളെയും യുവതികളെയും റെയിൽവേ സ്‌റ്റേഷനിൽ കൈയേറ്റം ചെയ്‌തതിന്‌ നേതൃത്വം നൽകിയത്‌ ജ്യോതി ശർമയായിരുന്നു. കേസിൽ ആരോപിതരായ രത്തൻ യാദവ്‌, രവി നിഗം എന്നിവരോടും ഹാജരാകാൻ കമീഷൻ നിർദേശിച്ചിരുന്നു.


കമീഷൻ മുമ്പാകെയെത്തിയ ജ്യോതി ശർമ വാദം തുടങ്ങുന്നതിന്‌ മുമ്പായി ഇറങ്ങിപ്പോയി. കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ കമീഷൻ അടുത്ത സിറ്റിങ്ങിൽ എല്ലാവരും നിർബന്ധമായും എത്തണമെന്ന്‌ നിർദേശിച്ചു. സെപ്‌തംബർ രണ്ടിന്‌ കേസ്‌ വീണ്ടും പരിഗണിക്കും.


കമീഷനിലെ ബിജെപി അംഗങ്ങൾ പക്ഷപാതപരമായാണ്‌ ഇടപ്പെട്ടതെന്ന്‌ ആക്ഷേപമുണ്ട്‌. ഇടതുപക്ഷ നേതാക്കൾക്കൊപ്പമാണ്‌ യുവതികൾ കമീഷൻ മുമ്പാകെ എത്തിയത്‌. സംഘപരിവാർ അക്രമികളുടെ വാക്കുകേട്ട്‌ രണ്ട്‌ മലയാളി കന്യാസ്‌ത്രീകളെ പൊലീസ്‌ അറസ്‌റ്റുചെയ്‌ത്‌ ജയിലിൽ അടച്ചത്‌ രാജ്യവ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home