ആറുമാസത്തില്‍ 
378 അതിക്രമം

ഛത്തീസ്‌ഗഡ് ഒറ്റപ്പെട്ട അനുഭവമല്ല ; ഇരകളെ കുറ്റക്കാരാക്കുന്ന സംഘപരിവാർ നീതി

Chhattisgarh Malayali Nuns Arrest incident
avatar
എം പ്രശാന്ത്‌

Published on Aug 03, 2025, 02:30 AM | 3 min read


ന്യൂഡൽഹി

ക്രൈസ്‌തവരെും മുസ്ലിങ്ങളെയും കമ്യൂണിസ്‌റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ്‌ ആർഎസ്‌എസ്‌ കാണുന്നത്. ആ നിലപാട് തന്നെയാണ് മോദി സര്‍ക്കാര്‍ പത്തുവര്‍ഷത്തിലേറെയായി തുടരുന്നത്. 2014 ൽ മോദി പ്രധാനമന്ത്രിയായത്‌ മുതൽ ക്രൈസ്‌തവ വേട്ട ഓരോ വർഷവും വർധിച്ചു. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്‌ പ്രകാരം 2024 ൽ 834 ആക്രമണം ക്രൈസ്‌തവർക്കുനേരെയുണ്ടായി. കൂടുതൽ യുപിയിലാണ്‌. തൊട്ടുപിന്നിൽ ഛത്തിസ്‌ഗഡ്. മോദി ഭരണത്തിലെ 10 വർഷത്തിൽ അയ്യായിരത്തിനടുത്ത്‌ ആക്രമണം ക്രൈസ്‌തവർക്കുനേരെയുണ്ടായി. പൊലീസിൽ പരാതിപ്പെടാത്തതിനാൽ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ നിരവധി സംഭവങ്ങളുണ്ട്.

‘നിർബന്ധിത മതപരിവർത്തനം’ എന്ന കള്ളക്കഥ ആയുധമാക്കിയാണ്‌ ക്രൈസ്‌തവ വിശ്വാസികളെ സംഘപരിവാർ വേട്ടയാടുന്നത്‌.


ഇരകളെ കുറ്റക്കാരാക്കുന്ന സംഘപരിവാർ നീതി

ബിജെപി ഭരണ സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകളുടെ ആക്രമണത്തിന്‌ ഇരയാക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ കുറ്റക്കാരായി മാറുന്ന വിചിത്രമായ സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഛത്തിസ്‌ഗഡിൽ കന്യാസ്‌ത്രീകൾക്കുണ്ടായ അനുഭവം ഉദാഹരണം. സംഘപരിവാർ ആക്രമണത്തിനെതിരായി പൊലീസിൽ പരാതിപ്പെടുന്ന ക്രൈസ്‌തവരെയും പുരോഹിതരെയും ‘മതപരിവർത്തന നിരോധന നിയമ’മെന്ന ആയുധം കാട്ടി നിശബ്‌ദരാക്കുകയാണ്‌ പൊതുവിൽ ചെയ്യുന്നത്‌. രാജ്യത്ത്‌ 10 സംസ്ഥാനത്ത് നിലവിൽ മതപരിവർത്തന നിരോധന നിയമമുണ്ട്‌. ഇതിൽ എട്ടിലും ബിജെപി ഭരണമാണ്‌. മഹാരാഷ്ട്രയിലും വൈകാതെ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ക്രൈസ്‌തവ ദേവാലയങ്ങളും സ്ഥാപനങ്ങളും ഛത്തിസ്‌ഗഡ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്‌. പൊതുശ്‌മശാനങ്ങളിൽ ക്രൈസ്‌തവരെ അടക്കുന്നതിന്‌ പോലും വിലക്കാണ്‌. ഛത്തിസ്‌ഗഡിൽ മതപരിവർത്തന നിരോധന നിയമം കൂടുതൽ കർക്കശമാക്കുമെന്ന്‌ മുഖ്യമന്ത്രിയായതിന്‌ പിന്നാലെ വിഷ്‌ണുദേവ്‌ സായ്‌ പ്രഖ്യാപിച്ചിരുന്നു. ഒഡിഷയിൽ ഗ്രഹാം സ്‌റ്റെയിൻസിന്റെ കൊലയാളികളുടെ മോചനത്തിനായി പ്രക്ഷോഭം നടത്തിയ വ്യക്തിയാണ്‌ മുഖ്യമന്ത്രി മാഞ്ചി.


മണിപ്പുരിൽ കുകി, മെയ്‌തീ വംശീയ ഏറ്റുമുട്ടലിന്റെ മറവിലും സംഘപരിവാർ വ്യാപകമായി ക്രൈസ്‌തവ വേട്ട നടത്തിയിരുന്നു. നൂറുകണക്കിന്‌ പള്ളികൾ തകർത്തു. സ്‌കൂളുകൾ അടക്കം ക്രൈ്‌സതവ സ്ഥാപനങ്ങളും നശിപ്പിച്ചു. മറ്റ്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാന ന്യൂനപക്ഷ വിരുദ്ധ നടപടികളിലേക്ക്‌ കടക്കാനുള്ള ഒരുക്കത്തിലാണ്‌ സംഘപരിവാർ.


ആറുമാസത്തില്‍ 
378 അതിക്രമം

രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഈ വർഷം ജൂൺ വരെ 378 അതിക്രമസംഭവങ്ങൾ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്‌. 2024-ൽ 834 ഉം 2023-ൽ 734 സംഭവങ്ങളുമുണ്ടായി. ഓരോവർഷം കഴിയുന്തോറും അക്രമം കൂടിവരികയാണ്‌. ഈ വർഷത്തെ 378 സംഭവങ്ങളിൽ 17 എഫ്‌ഐആറെ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഏറ്റവുമധികം കേസുകൾ ഛത്തീസ്ഗഡിലാണ് –82. ഉത്തർപ്രദേശ് –73, കർണാടക –32, രാജസ്ഥാൻ –25, മധ്യപ്രദേശ്- 24, ബിഹാർ –22


ഒഡിഷയിലെ ക്രൈസ്‌തവവേട്ട

ഗ്രഹാംസ്റ്റെയിൻസ് കൊലപാതകം (1999 ജനുവരി 22)

ഒഡിഷയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ച ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറി പ്രവർത്തകനായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. 1999 ജനുവരി 22ന് രാത്രിയാണ്‌ അദ്ദേഹത്തെയും ഒമ്പതും ഏഴും വയസ്സുമുള്ള രണ്ട് മക്കളെയും ഉറങ്ങുമ്പോൾ ചുട്ടുകൊന്നത്‌. ഈ സംഭവം നടക്കുമ്പോള്‍ ബജരം​ഗദളിന്റെ ഒഡിഷ സംസ്ഥാന അധ്യക്ഷനായ പ്രതാപ് ചന്ദ്ര സാരം​ഗി ഇപ്പോള്‍ കേന്ദ്രമന്ത്രി


കന്ദമല്‍ എരിയുന്നു

(2007 ഡിസംബർ 24)

കന്ദമൽ ജില്ലയിലെ ബ്രഹ്മണിഗാവിൽ അധികൃതരുടെ അനുമതിയോടെ റോഡിനുകുറുകെ സ്ഥാപിച്ച ക്രിസ്മസ് കമാനം നീക്കം ചെയ്യണമെന്ന ആവശ്യവുമായി തീവ്രഹിന്ദുത്വവാദികള്‍ രം​ഗത്തുവന്നു. ഇത്‌ നിരസിച്ചതോടെ പ്രദേശത്തെ കടകൾ അടച്ചുപൂട്ടാൻ ശ്രമിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. മൂന്ന് പേർ കൊല്ലപ്പെട്ടു.


(2007 ഡിസംബർ 24)

കന്ദമലിൽ സംഘപരിവാർ നേതൃത്വത്തിലുള്ള സംഘം ഡിസംബർ 24ന് കൃസ്ത്യാനികള്‍ക്കുനേരെ നടത്തിയ ആക്രമം 4 ദിവസം നീണ്ടു. 100 ലധികം പള്ളികൾ, പള്ളി സ്ഥാപനങ്ങൾ, 700 വീടുകൾ എന്നിവ കത്തിച്ചു. മൂന്ന് പേർ കൊല്ലപ്പെട്ടു.


2008 ഓഗസ്റ്റ് 25–28)

2008 ഓഗസ്റ്റ് 25 മുതൽ 28 വരെ ഒഡിഷയിലെ കന്ദമൽ ജില്ലയിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വീണ്ടും ആയുധമേന്തി. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെ തുടർന്നായിരുന്നു ഇത്. ആക്രമണങ്ങളിൽ 395-ലധികം പള്ളികളും 5600 വീടുകളും 13 വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയിട്ടു നശിപ്പിച്ചു. 90-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.18,000 പേർക്ക് പരിക്കേറ്റു. 54,000 പേർ കുടിയിറക്കപ്പെട്ടു.


പള്ളിയിൽ കയറി വൈദികരെ മർദിച്ച് പൊലീസ്

(2025 മാർച്ച് 22)

ബിജെപി ഭരിക്കുന്ന ഒഡിഷയിൽ പള്ളിയിൽ കയറി മലയാളിയടക്കമുള്ള രണ്ട് കത്തോലിക്ക പുരോ​ഹിതരെയും വിശ്വാസികളെയും പൊലീസ് ക്രൂരമായി മർദിച്ചു. ബെർ​ഹാംപുർ രൂപതയിലെ ജുബ ഇടവകയിലാണ് അതിക്രമം. ഇടവക വികാരി മലയാളിയായ ഫാ. ​​​​ജോ​​​​ഷി ജോ​​​​ർ​ജ്, ഒഡിഷ സ്വദേശിയായ സഹവികാരി ഫാ. ദയാനന്ദ് നായക് എന്നിവർക്ക് ക്രൂര മർദനമേറ്റു.


മ‍ൃതദേഹം മതം മാറണം

(2025 മെയ്‌ 15)

സംസ്ഥാന ആദിവാസി ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ സ്വന്തം ജില്ലയിൽ ക്രൈസ്തവ വിഭാഗത്തിലുള്ളവരുടെ മൃതദേഹം സംസ്കരിക്കണമെങ്കിൽ ഹിന്ദു മതത്തിലേക്ക്‌ മാറ്റണം. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത്‌ ‘മതപരിവർത്ത നം’ നടത്തിയതുൾപ്പെടെയുള്ള സംഭവങ്ങളാണ്‌ ഒഡിഷയിലെ നബരംഗ്‌പുർ ജില്ലയിൽ നടക്കുന്നത്‌.


മലയാളി വൈദികര്‍ക്ക് മര്‍ദനം

(2025 ജൂൺ 2)

ഒഡിഷ സാമ്പൽപുർ കുച്ചിൻഡ ചർബാട്ടിയയിലെ കാർമൽ നികേതൻ മൈനർ സെമിനാരിയിൽവച്ച്‌ തീവ്രഹിന്ദുത്വവാദികൾ മലയാളി വൈദികരായ ലീനസ്‌ പുത്തൻ വീട്ടിലിനെയും സിൽവിൻ ആന്റണിയെയും ആക്രമിച്ചു.









deshabhimani section

Related News

View More
0 comments
Sort by

Home