യുവതിയുടെ അമ്മ പറയുന്നു
'കടം വീട്ടണം, ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണം'

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്കൊപ്പം പോകവെ ബജ്‌രംഗ്‌ദൾ ആക്രമണത്തിന് ഇരയായ ആദിവാസി യുവതി കമലേശ്വരി പ്രധാന്റെ അമ്മ ബുധിയ പ്രധാൻ / ഫോട്ടോ: പി വി സുജിത്
അഖില ബാലകൃഷ്‍ണന്‍
Published on Aug 04, 2025, 03:14 AM | 1 min read
‘കടമുണ്ട്, അത് വീട്ടണം, ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കണം. പൂർണ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം മകളെ അയച്ചത്. ബജ്‌രംഗ്‌ദളിന്റെ ഭീഷണിയിൽ അവൾക്ക് പക്ഷേ പിടിച്ചു നിൽക്കാനായില്ല’
നാരായൺപുർ (ഛത്തീസ്‌ഗഡ്)
കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത ദുർഗിൽ നിന്നും 170 കിലോമീറ്റർ ദൂരം വനമേഖലയിലൂടെ സഞ്ചരിക്കണം നാരായൺപുരിലെത്താൻ. കാടിന് നടുവിൽ വികസനം എത്തിനോക്കിയിട്ടില്ലാത്ത കാർഷിക ഗ്രാമം. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇവിടെ ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ ഒരുപറ്റം മനുഷ്യർ. ഇവിടെ നിന്നും, നല്ലൊരു ജീവിതം സ്വപ്നംകണ്ടാണ് മൂന്ന് യുവതികൾ കന്യാസ്ത്രീകളോടൊപ്പം പോയത്. ‘കടമുണ്ട്, അത് വീട്ടണം, ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കണം. പൂർണ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം മകളെ അയച്ചത്. ബജ്‌രംഗ്‌ദളിന്റെ ഭീഷണിയിൽ അവൾക്ക് പക്ഷേ പിടിച്ചു നിൽക്കാനായില്ല’–- കന്യാസ്ത്രീകൾക്കെതിരെ മൊഴിമാറ്റിയ യുവതി കമലേശ്വരി പ്രധാന്റെ അമ്മ ബുധിയ പ്രധാൻ ‘ദേശാഭിമാനി’യോട് പറഞ്ഞു.
‘ഞങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്. അഞ്ചു പെൺകുട്ടികളിൽ മൂന്നാമത്തെയാണ് കമലേശ്വരി. രണ്ടുപേരുടെ വിവാഹം കഴിഞ്ഞു. നാരായൺപുരിലെ സഭയുടെ ആശുപത്രിയിൽ സിസ്റ്റർ വന്ദന ഫ്രാൻസിസ് ജോലി ചെയ്യുമ്പോൾ മുതൽ പരിചയമുണ്ട്. യുവതികൾക്കൊപ്പം കൂട്ടിനുപോയ സുഖ്‌മാൻ മാണ്ഡവിയുടെ സഹോദരിക്ക് സിസ്റ്റർ മുഖേന നേരത്തെ ജോലി ലഭിച്ചിരുന്നു. സുഖ്‌മാന്റെ സഹോദരിയാണ് കന്യാസ്ത്രീകളെ പരിചയപ്പെടുത്തുന്നതും ജോലി ശരിയാക്കുന്നതും. ഇവിടെ ദിവസം മുഴുവൻ പണിയെടുത്താലും 200 രൂപ പോലും ലഭിക്കില്ല. അഞ്ചുലക്ഷം രൂപ വായ്‌പയെടുത്താണ് വീട് പണിഞ്ഞത്. അതിന്റെ കടം ബാക്കിയാണ്. പാചകജോലി ആണെന്നും പിന്നീട് നഴ്‌സിങ് പരിശീലനം നൽകുമെന്നും സിസ്റ്റർമാർ പറഞ്ഞിരുന്നു.
പൂർണസമ്മതത്തോടെയാണ് മകളെ അയച്ചത്. രേഖകളും സത്യാവാങ്‌മൂലവും ഒപ്പിട്ടിരുന്നു. റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും ബജ്‌രംഗ്‌ദളിന്റെ ഭീഷണിയെ തുടർന്നാണ് കമലേശ്വരിക്ക് കന്യാസ്ത്രീകൾക്കെതിരെ മൊഴി പറയേണ്ടി വന്നത്. സുഖ്‌മാനെയും മകളെയും മറ്റ് രണ്ട് പെൺകുട്ടികളെയും ബജ്‌രംഗ്‌ദളുകാർ മർദിച്ചു. വീണ്ടും മർദിക്കുമെന്ന ഭയത്തിലാണ് തെറ്റായ മൊഴി നൽകിയത്. വീട്ടിൽ തിരിച്ചെത്തിയശേഷവും ഭീഷണി തുടർന്നു’–ബുധിയ പറഞ്ഞു.
ബജ്‌രംഗ്‌ദളിനെതിരെ പരാതി നൽകാൻ ഇടതുപക്ഷ പ്രവർത്തകർക്കൊപ്പമാണ് മൂന്നു യുവതികളും പൊലീസ്‌സ്റ്റേഷനിൽ പോയത്.









0 comments