പ്രത്യേക കോടതിയെ സമീപിച്ചാൽ എൻഐഎ എതിർക്കും , ഹൈക്കോടതിയെ സമീപിക്കാൻ കന്യാസ്‌ത്രീകൾ
അനീതി ; കന്യാസ്‌ത്രീകള്‍ക്കെതിരായ കേസ് എൻഐഎക്ക്


എം അഖിൽ
Published on Jul 31, 2025, 01:53 AM | 1 min read
ന്യൂഡൽഹി
എൻഐഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയതിനാൽ ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ ദുർഗ് സെൻട്രൽ ജയിലിൽ അടച്ച രണ്ട് മലയാളി കന്യാസ്‌ത്രീകളുടെ മോചനം നീളും. ‘മനുഷ്യക്കടത്ത്’ അടക്കമുള്ള ഗുരുതര കുറ്റം ചുമത്തിയതോടെ സിസ്റ്റർമാരായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അധികാരം എൻഐഎ പ്രത്യേക കോടതിക്കാണെന്ന സർക്കാരിന്റെയും ബജ്‌റംഗദളിന്റെയും വാദം കോടതി അംഗീകരിച്ചു. ഇതോടെ, അന്വേഷണവും വിചാരണയും എൻഐഎ ഏറ്റെടുക്കും.
പ്രത്യേകകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചാൽ എൻഐഎ എതിർക്കും. വിശദ അന്വേഷണം നടത്തണമെന്ന് വാദിച്ചാല്‍ മോചനം അനിശ്ചിതമായി നീളും.
ജാമ്യം നിഷേധിച്ചതോടെ കോടതി പരിസരത്ത് ബജ്‌റംഗദൾ പ്രവർത്തകർ ‘ജയ് ശ്രീറാം’ വിളിച്ച് ആഹ്ലാദപ്രകടനം നടത്തി. കേരളത്തിനും ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും എതിരെ പ്രകോപന മുദ്രാവാക്യം മുഴക്കി.
മനുഷ്യക്കടത്തിനുള്ള 143–-ാം വകുപ്പുകൂടി ചുമത്തിയതിനാൽ ജാമ്യം അനുവദിക്കരുതെന്ന് ഛത്തീസ്‌ഗഡ് സർക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഇതോടെ, സെഷൻസ് കോടതി ജഡ്‌ജി കേസ് എൻഐഎ പ്രത്യേകകോടതിയുടെ പരിഗണനയ്‌ക്ക് വിട്ടു.
ഛത്തീസ്‌ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന കേരളത്തിലെ ബിജെപി നേതാക്കളുടെ വാദവും ഇതോടെ പൊളിഞ്ഞു.

ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ റാലി
‘മതപരിവർത്തന’ കുറ്റം മാത്രം ചുമത്തിയാൽ ജാമ്യം കിട്ടാനിടയുള്ളതിനാലാണ് സർക്കാരിലെ ഉന്നതരുടെ നിർദേശാനുസരണം ‘മനുഷ്യക്കടത്ത്’കൂടി ചുമത്തിയത്. കന്യാസ്‌ത്രീകളുടെ അനുഭവം ക്രൈസ്‌തവ സമൂഹത്തിന് പാഠമാകണമെന്നാണ് സർക്കാർ നിലപാട്. സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ബജറംഗദളിനുവേണ്ടി അഞ്ച് അഭിഭാഷകർ ഹാജരായി. ആദിവാസി യുവതികളുടെ മനുഷ്യക്കടത്താണ് നടന്നിട്ടുള്ളതെന്നും എൻഐഎ അന്വേഷിക്കേണ്ട വിഷയമാണെന്നും അഭിഭാഷകർ വാദിച്ചു. ജാമ്യത്തിനായി കന്യാസ്‌ത്രീകളുടെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കും.
ഇനി ഛത്തീസ്‌ഗഡ് സർക്കാർ വിഷയം കേന്ദ്രസർക്കാരിന്റെ പരിഗണനയ്‌ക്ക് വിടും. എൻഐഎ അന്വേഷിക്കേണ്ട ഷെഡ്യൂൾഡ് കുറ്റകൃത്യമാണോയെന്ന് കേന്ദ്രം പരിശോധിക്കും. തുടർന്ന് 15 ദിവസത്തിനുള്ളിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കും.









0 comments