ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകൾക്കെതിരായ ആക്രമണം
സംഘപരിവാറിനെ പിന്തുണച്ച് കോൺഗ്രസുകാരിയായ വനിതാ കമീഷൻ അധ്യക്ഷ

കിരൺമയി നായക്
ന്യൂഡൽഹി
ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്‌ത്രീകൾക്കൊപ്പം സംഘപരിവാറിന്റെ ആക്രമണത്തിന് വിധേയരായ ആദിവാസി യുവതികൾക്ക് സംസ്ഥാന വനിതാ കമീഷനും നീതി നിഷേധിക്കുന്നു. കോൺഗ്രസ് വക്താവും റായ്‌പ്പുർ മുൻ മേയറുമായ കിരൺമയി നായക് അധ്യക്ഷയായ കമീഷനാണ് ആദിവാസി യുവതികളോട് നീതികേട് കാട്ടുന്നത്.
കഴിഞ്ഞ ദിവസം കമീഷൻ മുമ്പാകെ ഹാജരായ ആദിവാസി യുവതികളെ അവഹേളിക്കും വിധം കമീഷൻ അംഗങ്ങൾ പെരുമാറി. യുവതികളുടെ മതവിശ്വാസത്തെ പരിഹസിച്ച കമീഷൻ നാരായൺപ്പുരിൽ ജോലിയൊന്നും ഇല്ലാത്തത് കൊണ്ടാണോ കന്യാസ്‌ത്രീകൾക്കൊപ്പം ആഗ്രയ്‌ക്ക് പോകാൻ തുടങ്ങിയതെന്നും ചോദിച്ചു. ആഗ്രയിലേക്ക് പോകുന്നത് എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല, കന്യാസ്‌ത്രീകൾ പണം നൽകിയതു കൊണ്ടല്ലേ ഒപ്പം പോയത്, കന്യാസ്‌ത്രീകൾ മതപരിവർത്തനം നടത്തി നിർബന്ധിച്ച് കൊണ്ടുപോയതല്ലേ, മറ്റാരോ പഠിപ്പിച്ച കാര്യങ്ങളല്ലെ കമീഷൻ മുന്പാകെ പറയുന്നത് തുടങ്ങിയ ചോദ്യങ്ങളും യുവതികൾക്കുനേരെ കമീഷനംഗങ്ങൾ ഉന്നയിച്ചു.
2023ൽ ഛത്തീസ്‌ഗഡിൽ ഭരണമാറ്റമുണ്ടായിട്ടും കിരൺമയി രാജിവയ്‌ക്കാതെ തുടരുകയായിരുന്നു. ആദിവാസി യുവതികൾക്ക് സംരക്ഷണം നൽകുന്നതിന് പകരം കിരൺമയി സംഘപരിവാർ അക്രമികളെ പിന്തുണയ്‌ക്കുകയാണെന്ന വിമർശം ഉയരുന്നു. സംഘപരിവാർ അക്രമികൾക്കുനേരെ ഒരു നടപടിക്കും കമീഷൻ തയ്യാറായിട്ടില്ല. അതേസമയം, കന്യാസ്‌ത്രീകളെയും ആദിവാസി യുവതികളെയും ആക്രമിച്ച സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ നാരായൺപ്പുർ കളക്ടറേറ്റ് വ്യാഴാഴ്‌ച ഉപരോധിച്ചു. ഗവർണർക്കുള്ള നിവേദനം കൈമാറുകയും ചെയ്‌തു. രാജ്യസഭാംഗം പി സന്തോഷ്‌കുമാർ ഉപരോധത്തെ അഭിസംബോധന ചെയ്‌തു.









0 comments