എഫ്‌ഐആർ 
റദ്ദാക്കുംവരെ ഇടപെടും

ഛത്തീസ്ഗഡില്‍‌ കന്യാസ്ത്രീകള്‍ക്കെതിരായ കള്ളക്കേസ് ; പോരാട്ടം ഏറ്റെടുത്ത്‌ ഒപ്പംനിന്നത്‌ ഇടതുപക്ഷം

Chhattisgarh Malayali Nuns Arrest
വെബ് ഡെസ്ക്

Published on Aug 04, 2025, 03:11 AM | 2 min read


ന്യൂഡൽഹി

‘തടവിലാക്കപ്പെട്ട ഭരണഘടനയ്‌ക്കുവേണ്ടി ശബ്‌ദമുയർത്തുന്നത്‌ ഔദാര്യമല്ല, ഉത്തരവാദിത്വമാണ്‌. പീഡിതർക്കുവേണ്ടി പോരാടുന്നത്‌ കരുണയല്ല കടമയാണ്‌.’- സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ ജോൺ ബ്രിട്ടാസിന്റെ ഈ വാക്കുകളിലുണ്ട് കന്യാസ്‌ത്രീകളുടെ അറസ്റ്റിനെതിരെയുള്ള ഇടതുപക്ഷ പോരാട്ടത്തിന്റെ പ്രതിബദ്ധത.


ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌തതുമുതൽ ഇടതുപക്ഷം പ്രക്ഷോഭരം​ഗത്തുണ്ട്‌. ജാമ്യം ലഭിച്ചെങ്കിലും എഫ്‌ഐആർ റദ്ദാക്കുംവരെ പോരാട്ടം തുടരും. ബജ്‌രംഗ്‌ദളുകാർക്കെതിരെ നിയമനടപടിക്ക്‌ ആദിവാസി യുവതികൾക്ക്‌ ഇടതുപക്ഷം നിയമസഹായം നൽകും.


അറസ്റ്റിലായതിനുപിന്നാലെ, മോചനത്തിന്‌ ഇടപെടണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും ജോൺ ബ്രിട്ടാസ്‌ എംപി ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രിക്കും കത്തയച്ചു. സംഘപരിവാർ ഭീഷണികളുടെ ഭാഗമാണ്‌ അറസ്റ്റെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ചൂണ്ടിക്കാട്ടി. പാർലമെന്റിന്‌ അകത്തും പുറത്തും ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. സഭ നിർത്തിവച്ച്‌ വിഷയം ചർച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ നോട്ടീസ് നൽകി. പ്രതിഷേധത്തിൽ സഭ പ്രക്ഷുബ്‌ധമായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ കന്യാസ്‌ത്രീകളുടെ മോചനം ആവശ്യപ്പട്ട്‌ പ്രസ്‌താവനയിറക്കി. മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.


ജൂലൈ 29ന്‌ സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രതിനിധി സംഘം കന്യാസ്‌ത്രീകളെ ദുർഗിലെ സെൻട്രൽ ജയിലിൽ ചെന്നു കണ്ടു. സിപിഐ നേതാവ്‌ ആനി രാജ, എംപിമാരായ കെ രാധാകൃഷ്‌ണൻ, എ എ റഹിം, ജോസ്‌ കെ മാണി, പി പി സുനീർ എന്നിവരുൾപ്പെട്ട സംഘത്തെ അധികൃതർ തടഞ്ഞു. കന്യാസ്‌ത്രീകളെ കണ്ടിട്ടേ മടങ്ങുവെന്ന്‌ സംഘം ശഠിച്ചു. നടപടിയെ അപലപിച്ച്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിറക്കി. പിറ്റേന്ന്‌ ജയിലിലെത്തിയ ഇടതുപക്ഷ നേതാക്കളെ നിറകണ്ണുകളോടെയാണ്‌ കന്യാസ്‌ത്രീകൾ കണ്ടത്‌. വാതരോഗികളായ ഇരുവർക്കും കട്ടിലും മരുന്നുകളും നൽകണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. ഇവർക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ്‌ സുഖ്‌മാൻ മാണ്ഡവിയെ സഹതടവുകാർ മർദിച്ച സംഭവം ചൂണ്ടിക്കാട്ടി മറ്റൊരു സെല്ലിലേക്ക്‌ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രിയെ കണ്ട്‌ നിവേദനം നൽകി. പാർലമെന്റിൽ ഇടതുപക്ഷ എംപിമാർ വീണ്ടും വിഷയം ഉന്നയിച്ചു. സഭ ബഹിഷ്‌കരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട്‌ കന്യാസ്‌ത്രീകളുടെ മോചനത്തിൽ ഉറപ്പ്‌ വാങ്ങി. ജയിൽമോചിതരായ കന്യാസ്‌ത്രീകളെയും ആദിവാസി യുവാവിനെയും സ്വീകരിക്കാൻ എംപിമാരായ ജോൺ ബ്രിട്ടാസ്‌, ജോസ്‌ കെ മാണി, സന്തോഷ്‌ കുമാർ എന്നിവർ നേരിട്ടെത്തി. അക്രമം നടത്തിയ ബജ്‌രംഗ്‌ദളുകാർക്കെതിരെ പരാതി നൽകാൻ യുവതികൾക്കൊപ്പം ഇടതുപക്ഷ പാർടി പ്രവർത്തകരും പൊലീസ്‌ സ്റ്റേഷനിലെത്തി.


കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ നേതാക്കൾക്ക്‌ ജയിലിൽ കന്യാസ്‌ത്രീകളെ കാണാൻ അനുമതി ലഭിക്കുന്നതിന്‌ ഭൂപേഷ്‌ ബാഗേൽ ഇടപെട്ടതൊഴിച്ചാൽ ഛത്തീസ്‌ഗഡിലെ പ്രതിപക്ഷമായ കോൺഗ്രസ്‌ അറസ്റ്റിനെതിരെ പ്രതികരിക്കാൻ പോലും തയ്യാറായില്ല.




deshabhimani section

Related News

View More
0 comments
Sort by

Home