ബിജെപിയുടെ ഹിന്ദി അടിച്ചേൽപ്പിക്കൽ; പൊലീസ് രേഖകളിൽ ഉറുദു, പേർഷ്യൻ പദങ്ങൾ ഒഴിവാക്കും

photo credit: facefook ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ
റായ്പൂർ: പൊലീസ് ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കുന്ന ഉറുദു, പേർഷ്യൻ പദങ്ങൾക്ക് പകരം ഹിന്ദി പദങ്ങൾ ഉപയോഗിക്കാൻ ഉത്തരവിട്ട് ഛത്തീസ്ഗഢ് സർക്കാർ.
ഉപമുഖ്യമന്ത്രി വിജയ് ശർമയാണ് ശനിയാഴ്‌ച നിർദേശം നൽകിയത്. അതേ തുടർന്ന് ഡിജിപി ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്ക് (എസ്പി) കത്ത് നൽകി. ഉറുദു, പേർഷ്യൻ പദങ്ങൾക്ക് പകരം ഹിന്ദിയിൽ ഉപയോഗിക്കേണ്ട 109 പദങ്ങളുടെ പട്ടിക കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഹലഫ്‌നാമ' എന്നതിന് പകരം 'ശപത് പത്ര' (സത്യവാങ്മൂലം), 'ദഫ' 'ധാര' (വിഭാഗം), 'ഫരിയാദി' 'ശികയത്കർത്താ' (പരാതിക്കാരൻ), 'ചസ്മ്ദിദ്' എന്നിവയ്ക്ക് 'പ്രത്യക്ഷദർശി' (ദൃക്സാക്ഷി) മുതലായ പദങ്ങളാണ് ഉപയോഗിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്ന രീതി ഉയർന്നു വരുന്നുണ്ട്. മഹാരാഷ്‌ട്രയിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തമിഴ്നാട്ടിലെ കാലാവസ്ഥാ അറിയിപ്പിലും ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിരുന്നു. ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻസിഇആർടി ഹിന്ദി പേര് നൽകിയതും വിവാദമായിരുന്നു.
രാജ്യത്തിന്റെ ഭാഷാവൈവിധ്യങ്ങൾ ഇല്ലാതാക്കി ഹിന്ദിക്ക് പ്രാമുഖ്യം നൽകാനുള്ള ശ്രമങ്ങൾക്ക് ബിജെപി സർക്കാർ തുടക്കമിട്ടിട്ട് നാളേറെയായി. ഹിന്ദിയിൽ പേർഷ്യൻ, ഉറുദു സ്വാധീനം ഒഴിവാക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. കുംഭമേളയിലെ വിശുദ്ധ കുളിയുടെ പേര് ഷാഹി സ്‌നാൻ എന്നതിൽനിന്ന് അമൃത് സ്‌നാൻ എന്നാക്കി മാറ്റിയതെല്ലാം ഇതിന്റെ ഉദ്ദാഹരണങ്ങളാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതുപോലെ ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു മതം എന്നിവ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തിന്റെ പലയിടത്ത്‌നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.









0 comments