ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ: 16 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
റായ്പൂർ : ഛത്തീസ്ഗയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. 16 മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ എട്ടോടെയാണ് കേർളാപൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമടങ്ങുന്ന സംയുക്ത സംഘം വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ വെടിവയ്പ് ഉണ്ടാവുകയായിരുന്നു.
സംസ്ഥാന പൊലീസിന്റെ ഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ (DRG) ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. 16 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു എകെ 47 റൈഫിൾ, സെൽഫ് ലോഡിങ് റൈഫിൾ, 303 റൈഫിൾ, റോക്കറ്റ് ലോഞ്ചർ, ബാരൽ ഗ്രനേഡ് ലോഞ്ചർ, വെടിമരുന്നുകൾ എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഈ വർഷം ഇതുവരെ 132 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഇതിൽ 116 പേരെയും ബസ്തർ വനമേഖലയിൽ വച്ചാണ് വധിച്ചത്.








0 comments