ഛത്തീസ്‌ഗഡ് മാവോയിസ്റ്റ് വേട്ട ; മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ദഹിപ്പിച്ചു

ന്യൂഡൽഹി
ഛത്തീസ്‌ഗഡിൽ കൊലപ്പെടുത്തിയ സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പല കേശവ റാവു എന്ന ബസവരാജു അടക്കം ഏഴു മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ പൊലീസ്. ഹൈക്കോടതി ഉത്തരവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുമ്പിൽ കാത്തുനിൽക്കവെ അജ്ഞാത മൃതദേഹമെന്ന നിലയില്‍ ഏഴുപേരുടെയും സംസ്‌കാരം പൊലീസ് നടത്തി. ഈ മാസം 21നാണ് സുരക്ഷാസേന ബസവരാജു ഉൾപ്പെടെ 27 പേരെ വെടിവെച്ചുകൊന്നത്.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശി ബസവരാജുവിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവരരുതെന്ന് ജില്ലാ പൊലീസ് അധികൃതർ നിര്‍ദേശിച്ചിരുന്നു. ബന്ധുക്കൾ 22ന് ഛത്തീസ്‌ഗഡിലെ നാരായൺപുരിലെത്തിയെങ്കിലും പൊലീസ് ഭീഷണി കാരണം മടങ്ങി. തുടർന്ന് കുടുംബം ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ബസവരാജുവിന്റെ അമ്മ ഭാരതമ്മയും സജ്ജ വെങ്കട നാഗേശ്വര റാവു എന്ന മാവോയിസ്‌റ്റ് നേതാവിന്റെ സഹോദരൻ സജ്ജ ശ്രീനിവാസ റാവുവും മൃതദേഹങ്ങൾ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറണമെന്ന് ഛത്തീസ്‌ഗഡ്, ആന്ധ്ര സർക്കാരുകളോട് ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവും ബന്ധം തെളിയിക്കുന്ന രേഖകളും സമർപ്പിച്ച് മൃതദേഹം വിട്ടുകിട്ടാൻ കാത്തുനിൽക്കുമ്പോഴാണ് തിങ്കളാഴ്‌ച ബന്ധുക്കളുടെ സമ്മതമില്ലാതെ പൊലീസ് മൃതദേഹം ദഹിപ്പിച്ചത്.
20 മൃതദേഹം കൈമാറിയെന്നും അവകാശികളില്ലാത്ത ഏഴ് മൃതദേഹം സംസ്‌കരിച്ചെന്നുമാണ് പൊലീസ് നിലപാട്. ബസവരാജുവിന്റെ സംസ്‌കാരം മാവോയിസ്റ്റ് അനുകൂലികള്‍ വലിയ ചടങ്ങാക്കുമെന്നതിനാലാണ് മൃതദേഹം വിട്ടുകൊടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത്. ജീവനോടെ പിടികൂടിയ ബസവരാജുവിനെ പൊലീസ് വെടിവച്ചുകൊന്നതാണെന്നും റിപ്പോർട്ടുണ്ട്.








0 comments