print edition 'എന്റെ ബെഞ്ച് ഒഴിവാക്കാൻ നിങ്ങൾ ശ്രമിക്കുന്നു' ; കേന്ദ്രസര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി
കേന്ദ്രം കൊണ്ടുവന്ന ട്രൈബ്യൂണൽ പരിഷ്‌കരണ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌ത ഹർജികൾ തന്റെ ബെഞ്ചിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് പരസ്യവിമര്‍ശമുന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഹർജി പരിഗണിക്കുന്നത് മാറ്റിവയ്‌ക്കണമെന്നും വിശാലബെഞ്ചിന് വിടണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ആവശ്യപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പൊട്ടിത്തെറിച്ചത്.
‘‘മുൻപ് നിങ്ങളുടെ ആവശ്യപ്രകാരം രണ്ടുതവണ കേസ് മാറ്റി. ഇനി എത്രവട്ടം വേണം. എന്റെ ബെഞ്ച് ഒഴിവാക്കാൻ നിങ്ങൾ ശ്രമിക്കുകയാണ്. നവംബർ 24ന് (വിരമിക്കൽ തിയതി) ശേഷം കേസ് കേട്ടാൽ മതിയെന്നാണെങ്കിൽ അതുപറയണം. നിങ്ങൾ ചെയ്യുന്നത് അന്യായമാണ്. അഭിഭാഷകരുടെ സംഘം തന്നെയുള്ള നിങ്ങൾ അർധരാത്രി വിശാല ബെഞ്ചിന് വിടാൻ അപേക്ഷ നൽകുന്നു. മറ്റൊരു കേസും വെള്ളിയാഴ്‌ച പരിഗണിക്കില്ല.
വാദം പൂർത്തിയാക്കി വിധി തയ്യാറാക്കുകതന്നെ ചെയ്യും. അഡ്വക്കേറ്റ് ജനറൽ ആർ വെങ്കിട്ടരമണി തിങ്കളാഴ്‌ച കോടതിയിൽ എത്തണം. അദ്ദേഹം എത്തിയില്ലങ്കിൽ കേസ് ഞങ്ങൾ തീർപ്പാക്കും’’ –ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജിക്കാർക്കായി ഹാജരാകുന്ന മുതിർന്ന അഭിഭാഷൻ അരവിന്ദ് ദത്തറിനോട് വെള്ളിയാഴ്‌ച തുടർവാദം നടത്താൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.









0 comments