സമ്പന്നർക്ക് കൊള്ളയടിക്കാൻ പാകത്തിൽ പൊതുമേഖലാ ബാങ്കുകളെ ഒരുക്കുകയാണ് കേന്ദ്രം: വി ശിവദാസൻ എംപി

ന്യൂഡൽഹി : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ നട്ടെല്ലായ പൊതുമേഖലാ ബാങ്കുകളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നതെന്ന് വി ശിവദാസൻ എംപി. പൊതുമേഖലാ ബാങ്കുകളിൽ സ്ഥിര നിയമനം നടത്തണമെന്നും ബാങ്കിങ് അമെൻഡ്മെന്റ് ബില്ലിന്റെ ചർച്ചാ വേളയിൽ സംസാരിച്ചു കൊണ്ട് വി ശിവദാസൻ പറഞ്ഞു. പത്തുവർഷം കൊണ്ട് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 16.35 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. സമ്പന്നർക്ക് കൊള്ളയടിക്കാൻ പാകത്തിൽ ബാങ്കുകളെ ഒരുക്കുകയാണ് കേന്ദ്രം.
കാർഷിക പ്രവർത്തനങ്ങൾക്കായി പൊതുമേഖലാ ബാങ്കുകൾ നൽകുന്ന സ്വർണ്ണ വായ്പകളിലെ ഇടിവ് ഇതിനുദാഹരണമാണ്. മുമ്പ്, കുറഞ്ഞ പലിശ നിരക്കുള്ള ഈ വായ്പകൾ കർഷകർക്കും സാധാരണക്കാർക്കും സഹായകരമായിരുന്നു. എന്നാൽ ബാങ്കുകൾ അത്തരം സൗകര്യങ്ങൾ കുറയ്ക്കുമ്പോൾ, അമിത പലിശ നിരക്ക് ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരിലേക്ക് ആളുകൾ കൂടുതലായി തിരിയുന്നു.
ഭരണവർഗവുമായി അടുത്ത ബന്ധമുള്ള ഉന്നതർക്ക് വലിയ സാമ്പത്തിക സഹായം ലഭിക്കുമ്പോൾ, ഗ്രാമീണ ജനത സ്വകാര്യ വായ്പാദാതാക്കളെ ആശ്രയിക്കുന്നത് തുടരുകയാണ്. പൊതുമേഖലാ ബാങ്കുകളിലെ തൊഴിൽ സാഹചര്യങ്ങൾ വളരെ മോശമായ അവസ്ഥയിലാണ്. ഇടപാടുകളിൽ വർദ്ധനവുണ്ടായിട്ടും, ബാങ്ക് ജീവനക്കാരുടെ എണ്ണം 2014ൽ 8,42,813ൽ നിന്ന് ഇന്ന് 7,64,679 ആയി കുറഞ്ഞു. കരാർ തൊഴിൽ വർദ്ധിച്ചു. നിശ്ചിത ജോലി സമയം, പ്രസവാവധി, പെൻഷൻ , മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയെല്ലാം കരാർ ജീവനക്കാർക്ക് നിഷേധിക്കപെടുകയാണ്. കരാർവൽക്കരണം സാമൂഹ്യനീതി അട്ടിമറിക്കുന്നതിനു കാരണമാകുന്നു.
കേന്ദ്രസർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായി ആളെക്കൂട്ടുന്ന ജോലി കൂടി പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥരുടെ ചുമലിലാണ്. കാര്യമായ റിട്ടേൺ ലഭിക്കാത്ത കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ അടിച്ചേല്പിയ്ക്കാനും ബാങ്ക് ഉദ്യോഗസ്ഥരെ കേന്ദ്രം നിർബന്ധിക്കുകയാണ്. 2014ൽ 1251 അക്കൗണ്ടിന് ഒരു ജീവനക്കാരൻ എന്ന നിലയിൽ നിന്നും 2024-ൽ 2686 അക്കൗണ്ടിന് ഒരു ജീവനക്കാരൻ എന്ന് അവസ്ഥയായി. ജീവനക്കാർ അമിതഭാരത്തിലാണ്. ഇത് ആത്യന്തികമായി പൊതുജനങ്ങൾക്ക് തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ജീവനക്കാർക്ക് ജോലി സമയത്തിന് ശേഷവും തൊഴിലിടങ്ങളിൽ നിന്നും ഫോൺ വിളികളും ജോലി സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നു. ജോലി തീർന്നാൽ ജോലി സംബന്ധമായ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാനുള്ള അവകാശം 'റൈറ്റ് ടു ഡിസ്കണക്ട്' ഉറപ്പാകേണ്ടതുണ്ട്. ചെറിയ ബാങ്കുകളെ ആദ്യം ലയിപ്പിച്ച് വലിയ ബാങ്ക് ആക്കുകയും തുടർന്ന് സ്വകാര്യവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ബിജെപി സർക്കാരിന്റെ നയം. ചെറിയ ബാങ്കുകളുടെ ഒരു ശൃംഖലയാണ് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തിനു നല്ലത് എന്നതാണ് അന്താരാഷ്ട്ര അനുഭവം. കേരളസഹകരണബാങ്കിങ് മേഖല ജനകീയവും വികേന്ദ്രീകൃതവുമായ ബാങ്കിങ് ശൃംഖലയ്ക്ക് ഉദാഹരണമാണ്. എന്നിട്ടും സഹകരണ സ്ഥാപനങ്ങളുടെ മേൽ നിയന്ത്രണം കേന്ദ്രീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ സ്ഥിരനിയമനം നടത്തണമെന്നും ബാങ്കുകൾ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.









0 comments