കൈക്കൂലിക്കേസ്: ഐആർഎസ് ഉദ്യോഗസ്ഥനിൽ നിന്ന് 1 കോടി രൂപയും 3.5 കിലോ സ്വർണവും പിടിച്ചു

ന്യൂഡൽഹി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥൻ അമിത് കുമാർ സിംഗാൾ സമ്പാദിച്ചത് കോടികളുടെ സ്വത്ത്. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ സിംഗാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ, 3.5 കിലോ ഗ്രാം സ്വർണം, 2 കിലോ ഗ്രാം വെള്ളി എന്നിവ സിബിഐ പിടികൂടി. മുംബൈയിലും ഡൽഹിയിലും പഞ്ചാബിലും വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ രേഖകളും നിരവധി ബാങ്ക് അക്കൗണ്ട് വിവരങ്ങളും കണ്ടെത്തി.
പിടികൂടിയ സ്വർണം, വെള്ളി ആഭരണങ്ങൾക്കും സ്വർണക്കോയിനുമെല്ലാമായി 3.5 കോടി രൂപയുടെ മൂല്യമുണ്ടെന്ന് സിബിഐ അറിയിച്ചു.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഞായറാഴ്ചയാണ് ഡൽഹിയിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ടാക്സ്പേയർ സർവീസസിലെ അഡിഷണൽ ഡയറക്ടർ ജനറൽ അമിത് കുമാർ സിംഗാളിനെയും സഹായി ഹർഷ് കൊടകിനെയും സിബിഐ അറസ്റ്റുചെയ്തത്.
ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ച വ്യവസായിൽനിന്ന് 45 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ കടുത്ത പിഴയും നിയമനടപടിയുമടക്കം ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് പരാതിക്കാരൻ സിബിഐയെ സമീപിച്ചത്.









0 comments