അനിൽ അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ്
മുംബൈ : റിലയൻസ് (എഡിഎ) ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ ശനിയാഴ്ച രാവിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ് നടത്തി. ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിലാണ് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വഞ്ചനാക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ അംബാനിക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു. ഡൽഹിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പിന്റെ പേരിലാണ് പുതിയ കേസ്.
മുമ്പ് യെസ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. 2017 നും 2019 നും ഇടയിൽ യെസ് ബാങ്കിൽ നടന്ന 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്നുണ്ടെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു. വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതു കൂടാതെയാണ് പുതിയ എഫ്ഐആർ.
റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് വായ്പ നൽകിയതിൽ ഗുരുതരമായ ലംഘനങ്ങളും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് ഇ ഡി പറയുന്നത്. യെസ് ബാങ്ക് ലിമിറ്റഡിന്റെ മുൻ പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ള മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് വലിയ ഈടില്ലാത്ത വായ്പകൾ ലഭ്യമാക്കുന്നതിനായി കൈക്കൂലി നൽകിയതായി സംശയിക്കുന്നുണ്ട്. വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ്, യെസ് ബാങ്ക് പ്രൊമോട്ടർമാർക്ക് പണം ലഭിച്ചതായി ഇഡി കണ്ടെത്തിയതായി വൃത്തങ്ങൾ പറഞ്ഞു.
2017 നും 2019 നും ഇടയിൽ, റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന് കീഴിലുള്ള രാഗ (RAAGA) കമ്പനികൾക്ക് യെസ് ബാങ്ക് ഏകദേശം 3,000 കോടി രൂപ വായ്പ നൽകിയതായാണ് വിവരം. ഈ വായ്പകൾ അനുവദിക്കുന്നതിന് തൊട്ടുമുമ്പാണ് യെസ് ബാങ്കിന്റെ പ്രൊമോട്ടർമാർക്ക് അവരുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് പണം ലഭിച്ചതെന്ന് ഇ ഡി വൃത്തങ്ങൾ പറയുന്നു. മോശം സാമ്പത്തിക സ്ഥിതിയുള്ള കമ്പനികൾക്ക് നൽകിയ വായ്പകൾ, അവശ്യ രേഖകളുടെ അഭാവം, ഷെൽ സ്ഥാപനങ്ങളിലേക്ക് ഫണ്ട് വഴിതിരിച്ചുവിടൽ, നിലവിലുള്ളവ തിരിച്ചടയ്ക്കാൻ പുതിയ വായ്പകൾ നൽകിയ സംഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.









0 comments