40 മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. അംഗീകാരത്തിന് അർഹമല്ലാത്ത മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളേജുകൾക്കും അംഗീകാരം നൽകിയെന്ന കാരണത്താലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. റെയ്‌ഡിനെ തുടർന്ന് നാഷണൽ മെഡിക്കൽ കമ്മീഷനിലെയും (എൻഎംസി) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും 11 ഉദ്യോഗസ്ഥരുൾപ്പെടെ 36 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
റെയ്‌ഡിൽ 1,300 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. എൻഎംസി ജോയിന്റ് ഡയറക്‌ടറേറ്റിൽ നിന്ന് സിബിഐ 50 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു.
എൻഎംസിയിലേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥർ ചേർന്നുള്ള വൻ റാക്കറ്റ് സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു. ഉദ്യോഗസ്ഥർക്ക് ഭീമമായ കൈക്കൂലി നൽകിക്കൊണ്ടാണ് സ്വകാര്യ മെഡിക്കൽ കോളേജുകൾ അംഗീകാരം ലഭ്യമാക്കിയത്. രോഗികളുടെ എണ്ണത്തിൽ കൃത്രിമത്വം കാണിച്ചും വ്യാജ അധ്യാപകരെ വച്ചുമാണ് കോളേജുകൾ അംഗീകാരം വാങ്ങിയത്. ഇങ്ങനെ അംഗീകാരം ലഭിച്ച കോളേജുകളിൽ പലതിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഗുജറാത്തിലെ സ്വാമി നാരായൺ മെഡിക്കൽ കോളേജ് മേധാവി സ്വാമി ഭഗവത്‌വത്സല്‌ദാസ്‌ജി, ഛത്തീസ്‌ഗഡിലെ രവിശങ്കൾ മഹാരാജ് എന്നിവരുൾപ്പെടെ സിബിഐയുടെ അന്വോഷണ പരിധിയിൽ വരും. രാജ്യത്തെ ആരോഗ്യ സംവിധാനം കണ്ടതിൽ വച്ച് ഏറ്റവും വലില അഴിമതിയായാണ് വിഷയത്തെ കണക്കാക്കുന്നത്.









0 comments