ഡൽഹിയിൽ അനധികൃത കോൾ സെന്ററുകൾ പൂട്ടി; ആറ് പേർ അറസ്റ്റിൽ

cyber crime
ന്യൂഡൽഹി : ഡൽഹിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന രണ്ട് കോൾ സെന്ററുകൾ പൂട്ടി സിബിഐ. ആറ് പേരെ അറസ്റ്റ് ചെയ്തു. ടെക് സപ്പോർട്ട് തട്ടിപ്പുകൾ ഉപയോഗിച്ച് ജപ്പാൻ പൗരന്മാരെ വഞ്ചിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.
ഓപ്പറേഷൻ ചക്രയുടെ ഭാഗമായാണ് സൈബർ കുറ്റവാളികൾക്കെതിരെ നടപടികൾ ആരംഭിച്ചത്. ജപ്പാൻ നാഷണൽ പൊലീസ് ഏജൻസിയുമായും മൈക്രോസോഫ്റ്റുമായും സഹകരിച്ചാണ് സിബിഐ കുറ്റവാളികളെ പിടികൂടിയത്. കുറ്റവാളികളെ തിരിച്ചറിയുന്നതിലും സിൻഡിക്കേറ്റുകളുടെ പ്രവർത്തന ഘടന കണ്ടെത്തുന്നതിലും ഈ സഹകരണം സഹായിച്ചുവെന്നും സിബിഐ പ്രസ്താവനയിൽ പറഞ്ഞു.
ബുധനാഴ്ച സിബിഐ സംഘം ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 19 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് അനധികൃതമായി പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ കണ്ടെത്തിയത്. ആറ് ക്രിമിനൽ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡൽഹിയിൽ നിന്നുള്ള അഷു സിംഗ്, പാനിപ്പത്തിൽ നിന്നുള്ള കപിൽ ഘാഖർ, അയോധ്യയിൽ നിന്നുള്ള രോഹിത് മൗര്യ, ശുഭം ജയ്‌സ്വാൾ, വിവേക് രാജ്, വാരണാസിയിൽ നിന്നുള്ള ആദർശ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
നിയമാനുസൃതമായ ഉപഭോക്തൃ സേവന കേന്ദ്രങ്ങളെന്ന നിലയിലാണ് കോൾ സെന്ററുകൾ പ്രവർത്തിച്ചിരുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ച് മ്യൂൾ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. സംഘത്തിന്റെ തട്ടിപ്പു രീതി വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ, ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തതായും സിബിഐ അറിയിച്ചു. നൂതന സാങ്കേതിക വിദ്യകളും തന്ത്രങ്ങളും ഉപയോഗിച്ച് വിദഗ്ധമായി ഇരകളെ കബളിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തതെന്നും സിബിഐ പറഞ്ഞു.









0 comments