വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ‘കാസ’; സുപ്രീംകോടതിയിൽ അപേക്ഷ നൽകി

കൊച്ചി: വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ക്രിസ്‌ത്യൻ സംഘടനയായ ‘കാസ’ (ക്രിസ്‌ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) സുപ്രീംകോടതിയിൽ. കാസയുടെ പ്രസിഡന്റ് കെവിൻ പീറ്റർ നൽകിയ അപേക്ഷ അഡ്വ. ടോം ജോസഫാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.
ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കവെയാണ് കാസയുടെ നീക്കം. കേരളത്തിൽ നിന്ന് ഭേദഗതിയെ അനുകൂലിച്ച് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ.
ഭേദഗതി നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നും മുനമ്പം നിവാസികൾക്ക് ഇത് നിർണായകമാണെന്നും അപേക്ഷയിൽ പറയുന്നു. വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ കക്ഷിചേരുകയാണ് കാസ ചെയ്തത്.
നിയമഭേദഗതിയെ എതിർത്ത് 140ലധികം ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. ഇതിൽ വിശദവാദം കേൾക്കുന്ന അഞ്ച് ഹർജികളിൽ മുസ്ലീം ലീഗിന്റേതില്ലെങ്കിലും അപേക്ഷ നിലനിൽക്കുമെന്ന് കാസയുടെ അഭിഭാഷകർ പറയുന്നു.









0 comments