പിടിപ്പുകേട്‌ എണ്ണിപ്പറഞ്ഞ്‌ സിഎജി; ഗുജറാത്തില്‍ 
ആരോ​ഗ്യമേഖല രോ​ഗാതുരം

gujarath failure
വെബ് ഡെസ്ക്

Published on Mar 31, 2025, 01:56 AM | 1 min read

ന്യൂഡൽഹി: ഗുജറാത്തിലെ പൊതുആരോഗ്യമേഖല അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണെന്ന്‌ സിഎജി റിപ്പോർട്ട്‌. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കൽ സ്‌റ്റാഫുകളുടെയും എണ്ണത്തിൽ വലിയ കുറവുള്ളതായി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. സമഗ്രമായ ആരോഗ്യനയം രൂപീകരിക്കാൻ പോലും ഗുജറാത്ത്‌ സർക്കാരിന്‌ കഴിഞ്ഞിട്ടില്ല.


സംസ്ഥാന ബജറ്റിന്റെ എട്ട്‌ ശതമാനം ആരോഗ്യമേഖലയ്‌ക്ക്‌ നീക്കിവയ്‌ക്കണമെന്നാണ്‌ ദേശീയ ആരോഗ്യനയം. ഗുജറാത്തിലിത്‌ ബജറ്റിന്റെ 5.42 ശതമാനം മാത്രം. സർക്കാർ ആശുപത്രികളിലെ മനുഷ്യവിഭവശേഷി ഏതുവിധം കൈകാര്യം ചെയ്യണമെന്നതിലും നയമില്ല. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും പാരാസ്‌റ്റാഫുകളുടെയും കുറവ്‌ 23 ശതമാനമാണ്‌. നഴ്‌സുമാരുടെ കുറവ്‌ ആറ്‌ ശതമാനം. 33 ജില്ലയുള്ള ഗുജറാത്തിൽ ജില്ലാ ആശുപത്രിയുള്ളത്‌ 19 ജില്ലയിൽ മാത്രം. 22 ജില്ലകളിൽ ഡോക്ടർമാരുടെയും 19 ജില്ലകളിൽ പാരാമെഡിക്കൽ സ്‌റ്റാഫുകളുടെ കുറവ്‌ 25 ശതമാനത്തിലേറെ. കമ്മ്യൂണിറ്റി ഹെൽത്ത്‌സെന്ററുകളിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഡോക്ടർമാരുടെ കുറവ്‌ 49 ശതമാനമാണ്‌. ദേശീയആരോഗ്യമിഷന്‌ കീഴിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഡോക്ടർമാരുടെ കുറവ്‌ 31 ശതമാനവും പാരസ്‌റ്റാഫിന്റെ കുറവ്‌ 32 ശതമാനവുമാണ്‌. എൻഎച്ച്‌എമ്മിന്‌ കീഴിലുള്ള 8208 തസ്‌തികകളിൽ 1510 എണ്ണവും (18 ശതമാനം) ഒഴിഞ്ഞുകിടക്കുകയാണ്‌. 19 ജില്ലാ ആശുപത്രികളിൽ 13 ഇടത്തും എമർജൻസി വിഭാഗത്തിന്റെ സേവനം ഭാഗികമാണ്‌. മൂന്ന്‌ ജില്ലാ ആശുപത്രികളിൽ രക്തബാങ്ക്‌ സൗകര്യമില്ല. 15 ജില്ലാ ആശുപത്രികളിൽ ആംബുലൻസ്‌ സേവനവും ഭാഗികമാണ്‌. നാല്‌ ജില്ലാ ആശുപത്രികളിൽ മോർച്ചറിയില്ല. 19ൽ 16 ജില്ലാ ആശുപത്രികളിലും ആവശ്യത്തിന്‌ കിടക്കയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home