കാലിഗഞ്ചിലും വിസാവദറിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു

ന്യൂഡൽഹി: നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ കാലിഗഞ്ച്, ഗുജറാത്തിലെ കഡി, വിസാവദർ, പഞ്ചാബിൽ ലുധിയാന വെസ്റ്റ്, മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
ഗുജറാത്തിലെ കഡി നിയമസഭാ സീറ്റിൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര ചാവ്ഡ 21,584 വോട്ടുകൾ നേടി ലീഡ് വർദ്ധിപ്പിച്ചു. ബിജെപിയിലെ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളിലെ കാലിഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി അലിഫ അഹമ്മദ് മുന്നിലാണ്. ടിഎംസി എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ വിസാവദറിൽ ബിജെപി സ്ഥാനാർഥി കിരിത് പട്ടേൽ ആം ആദ്മി പാർട്ടിയുടെ ഗോപാൽ ഇറ്റാലിയയെക്കാൾ 150 വോട്ടുകൾക്ക് മുന്നിലാണ്. ലീഡ് നില മാറിമറിയുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ആം ആദ്മി പാർട്ടിയിലെ ഭയാനി ഭൂപേന്ദ്രഭായ് ഗണ്ടുഭായ് രാജിവച്ചതിനെ തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
പഞ്ചാബിൽ ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയും വ്യവസായിയുമായ സഞ്ജീവ് അറോറ മുന്നേറുന്നു. ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് രാജ്യസഭാ സീറ്റ് ഒഴിച്ചിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.









0 comments