മഹിപാല്‍പൂരിലേത് സ്ഫോടനമല്ല; ബസിന്റെ ടയര്‍ പൊട്ടിയതെന്ന് കണ്ടെത്തല്‍

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിന്റെ ഭീതി നിലനിൽക്കെ ഡൽഹി മഹിപാൽപൂരിൽ സ്ഫോടന സമാനമായ ശബ്ദമുണ്ടായത് പരിഭ്രാന്തി പരത്തി. അന്വേഷണത്തിൽ ഉണ്ടായത് സ്ഫോടനമല്ലെന്നും ബസിന്റെ ടയർ പൊട്ടിയ ശബ്ദമാണെന്നും കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്ത് റാഡിസൺ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സ്ഫോടനത്തിനു തുല്യമായ ഉഗ്രശബ്ദമുണ്ടായത്. ഇതോടെ പ്രദേശ വാസികൾ പരിഭ്രാന്തരായി. സ്ഫോടനം നടന്നതായി പൊലീസിനെയും അഗ്നി രക്ഷാസേനയേയും അറിയിച്ചു.
തുടർന്ന് മൂന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. എന്നാൽ പരിശോധനയിൽ സ്ഥലത്തുനിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രാദേശിക അന്വേഷണത്തിനിടെ, ധൗള കുവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന ഡൽഹി ട്രാൻസ്പോർട് കോർപ്പറേഷൻ ബസിന്റെ പിൻവശത്തെ ടയർ പൊട്ടിയതായും അതിനെത്തുടർന്നാണ് ശബ്ദമുണ്ടായതെന്നും ഗാർഡ് അറിയിച്ചതായി ഡിസിപി അമിത് ഗോയൽ പറഞ്ഞു. സ്ഥിതി സാധാരണമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകുന്നേരം ന്യൂഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്.









0 comments