പാക് അതിർത്തിയിലെ കൃഷിയിടങ്ങളിൽ 48 മണിക്കൂറിനകം വിളവെടുക്കണമെന്ന് ബി എസ് എഫ് മുന്നറിയിപ്പ്

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ഇന്ത്യ- പാക് അതിർത്തിയിലുള്ള കൃഷിയിടങ്ങളിൽ നിന്ന് 48 മണിക്കൂറിനകം വിളവെടുക്കണമെന്ന് കർഷകർക്ക് നിർദേശം നൽകി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയുള്ള നടപടികളുടെ ഭാഗമായാണ് നിർദേശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് ഇവിടെ കൂടുതൽ സുരക്ഷയേർപ്പെടുത്താൻ ബിഎസ്എഫ് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ട്. അതിർത്തി വേലിക്കും സീറോ ലൈനിനും ഇടയിലുള്ള സെൻസിറ്റീവ് സോണിൽ ആയിരക്കണക്കിന് കർഷകർക്കാണ് കൃഷിഭൂമിയുള്ളത്. 530 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തിയിൽ ഏകദേശം 45,000 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
അമൃത്സർ, തരൺ തരൺ, ഫിറോസ്പൂർ, ഫാസിൽക്ക ജില്ലകളിലുടനീളമുള്ള ഗ്രാമ ഗുരുദ്വാരകൾ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉടൻ അടച്ചിടുമെന്നും സ്ഥിതി കൂടുതൽ വഷളായാൽ കർഷകർക്ക് തങ്ങളുടെ കൃഷിഭൂമിയിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. സാഹചര്യങ്ങൾ വഷളായാൽ ഗേറ്റുകൾ ഉടൻ അടച്ചേക്കുമെന്നും കൃഷിയിടങ്ങളിലെ ജോലികൾ ഉടനെ തീർക്കാൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞതായും അതിർത്തി ഗ്രാമമായ ബംഗാലയിൽ നിന്നുള്ള കർഷകർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തിടെ പെയ്ത മഴ കാരണം ചില പ്രദേശങ്ങളിൽ ഗോതമ്പ് വിളവെടുപ്പ് വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശം. പ്രാഥമിക വിളവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും കാലിത്തീറ്റയ്ക്കായി ഗോതമ്പ് വൈക്കോൽ സംസ്കരിക്കേണ്ടതടക്കമുള്ള പ്രവൃത്തികൾ ബാക്കി നിൽക്കുകയാണ്. അതിർത്തിയിലെ വയലുകളിലേക്ക് കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് എത്രയും വേഗം പണി പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും കർഷകർ പറഞ്ഞു. നിർദേശത്തെത്തുടർന്ന് തങ്ങളെല്ലാം ആശങ്കയിലാണെന്നും അതിർത്തി ഗ്രാമങ്ങളിലുള്ള കർഷകർ പറയുന്നു.









0 comments