ഇരട്ടനീതിയെന്ന്‌ നേതാക്കൾ

ഭരണഘടനയിൽ 
വിശ്വസിക്കുന്ന എല്ലാവർക്കും നേരെയുള്ള ആക്രമണം : 
ബൃന്ദ കാരാട്ട്‌

brinda karat on Chhattisgarh Malayali Nuns Arrest

ഛത്തീസ്​ഗഡിലെ ജയിലിൽ കിടക്കുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ സഹോദരി സിസ്റ്റര്‍ 
ദീപയെ ബൃന്ദ കാരാട്ട് 
ആശ്വസിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 30, 2025, 12:46 AM | 1 min read


ന്യൂഡൽഹി

ക്രൈസ്‌തവർക്കും കന്യാസ്‌ത്രീകൾക്കുംനേരെ മാത്രമല്ല, ഛത്തീസ്‌ഗഡിലുണ്ടായത്‌ ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യാക്കാരനും നേരെയുള്ള ആക്രമണമാണെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു. ‘നിർബന്ധിത മതപരിവർത്തന’മെന്ന കള്ളക്കേസ്‌ ചുമത്തി അറസ്റ്റുചെയ്‌ത കന്യാസ്‌ത്രീകൾക്ക്‌ നീതി ആവശ്യപ്പെട്ടാണ്‌ ഇടതുപക്ഷ സംഘം ഛത്തീസ്‌ഗഡിലെത്തിയത്‌. അവരെ കാണുംവരെ ഇവിടെ തുടരും–- കന്യാസ്‌ത്രീകളെ സന്ദർശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അവർ.


കോൺഗ്രസ്‌ ഭരണത്തിൽ ബസ്‌തറിൽ ക്രൈസ്‌തവർ ആക്രമിക്കപ്പെട്ടപ്പോഴും സിപിഐ എം സംഘം എത്തി. ബിജെപിയുടെ ഹിന്ദുത്വ അജൻഡയുടെ ഭാഗമായുള്ള ആക്രമണങ്ങളുടെ തുടർച്ചയാണിത്‌. ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രിയുമായോ ഉപമുഖ്യമന്ത്രിയുമായോ കൂടിക്കാഴ്‌ച നടത്തും. തെറ്റായ വിവരങ്ങൾ ചേർത്തെഴുതിയ എഫ്‌ഐആർ പിൻവലിക്കണം. നീതി ലഭിക്കുംവരെ പ്രതിഷേധിക്കും–- ബൃന്ദ പറഞ്ഞു. ദുർഗിലെ വിശ്വദീപ്‌ മഠത്തിലെത്തിയ സംഘം അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരി സിസ്റ്റർ ദീപയുമായി കൂടിക്കാഴ്‌ച നടത്തി. എല്ലാ സഹായങ്ങളും ഉറപ്പുനൽകി. റായ്‌പുരിൽ സിബിസിഐ ആസ്ഥാനത്തെത്തി ബിഷപ്പുമായി സംസാരിച്ചു.


ഇരട്ടനീതിയെന്ന്‌ നേതാക്കൾ

കന്യാസ്‌ത്രീകളെ കാണുന്നതിൽനിന്ന്‌ തങ്ങളെ തടഞ്ഞത്‌ ബിജെപിയുടെ ഇരട്ടത്താപ്പ്‌ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന്‌ ഇടതുപക്ഷ പ്രതിനിധിസംഘം. ആദ്യം സന്ദർശനത്തെപ്പറ്റി അറിവ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ ജയിൽ സൂപ്രണ്ട്‌ പറഞ്ഞത്‌.


കാണാൻ അനുവദിക്കില്ലെന്ന പിടിവാശി ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന്‌ കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. മെയിൽ മുഖേനയും നേരിട്ടും നൽകിയ കത്ത്‌ കാണിച്ചപ്പോൾ സമയം വൈകിയെന്ന്‌ പറഞ്ഞ്‌ ഒഴിയുകയായിരുന്നു–- എ എ റഹിം എം പി പറഞ്ഞു.


പൊലീസിന്‌ നേരത്തേ കിട്ടിയ നിർദേശത്തിന്റെ ഭാഗമായാണ്‌ തടഞ്ഞതെന്ന്‌ ആനി രാജ പ്രതികരിച്ചു. ഇടതുപക്ഷത്തുള്ളവർ കന്യാസ്‌ത്രീകളെ കാണരുതെന്നും സത്യങ്ങൾ പുറത്തുവരുതെന്നുമുള്ള ഗൂഢലക്ഷ്യമാണിതെന്ന്‌ ജോസ്‌ കെ മാണി എംപി പറഞ്ഞു.

കന്യാസ്‌ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിൽ ചൊവ്വാഴ്‌ചയും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. എ എ റഹിം വിഷയത്തിൽ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home