കൈക്കൂലിക്കേസ്: ഐആർഎസ് ഉദ്യോഗസ്ഥൻ സിബിഐയുടെ പിടിയിൽ

ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ഐആർഎസ് ഉദ്യോഗസ്ഥനെ സിബിഐ പിടികൂടി. നികുതിദായക സേവന ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ജനറൽ അമിത് കുമാർ സിംഗാളിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2007 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനാണ് അമിത്.
അമിത് ഒരാളിൽ നിന്നും 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. ആദ്യ ഗഡുവായി ആവശ്യപ്പെട്ട 25 ലക്ഷം രൂപ അമിത്തിന്റെ മൊഹാലിയിലെ വസതിയിൽ ശനിയാഴ്ച എത്തിച്ചിട്ടുള്ളതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരികയായിരുന്നു.
ഉദ്യോഗസ്ഥന് വേണ്ടി കൈക്കൂലി കൈപ്പറ്റിയ ഹർഷ് കൊട്ടക് എന്നയാളെ അമിതിന്റെ മൊഹാലിയിലെ വസതിയിൽ വച്ച് സിബിഐ പിടികൂടി. പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, കനത്ത പിഴ ചുമത്തുമെന്നും, ലംഘിച്ചാൽ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു അമിത് കൈക്കൂലി ആവശ്യപ്പെട്ടത്.
ന്യൂഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള വസതിയിൽ നിന്നാണ് അമിത്തിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഡൽഹി, പഞ്ചാബ്, മുംബൈ എന്നിവിടങ്ങളിലായി സിബിഐ റെയ്ഡ് നടത്തി.









0 comments