പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിനിടെ ബോംബേറ്; ഒമ്പതുവയസുകാരി കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ച് നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ ബോംബ് സ്ഫോടനത്തിൽ ഒമ്പതുവയസുകാരി കൊല്ലപ്പെട്ടു. ബംഗാളിലെ നാദിയ ജില്ലയിയിലുള്ള തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. കാളിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബറോചന്ദ്ഗറിലാണ് സംഭവം.
കാളിഗഞ്ച് മണ്ഡലത്തിൽ പാർടിയുടെ വിജയം ആഘോഷിക്കുകയായിരുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സിപിഎം അനുഭാവിയുടെ വീടിന് നേരെ ബോംബ് എറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബോംബ് പൊട്ടിത്തെറിച്ച് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ കണ്ടെത്താൻ പരിശോധനകൾ ഊർജിതമായി നടക്കുന്നതായി ബംഗാളിലെ കൃഷ്ണനഗർ പൊലീസ് അറിയിച്ചു.
നാലാം ക്ലാസ് വിദ്യാർഥിയായ തമന്ന വീടിനടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ വീടിന് സമീപത്തേക്ക് തൃണമൂൽ പ്രവർത്തകർ ബോംബ് എറിയുകയായിരുന്നു. അന്തിമ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആഘോഷിക്കുകയായിരുന്ന ടിഎംസി അനുയായികൾ എറിഞ്ഞ ബോംബ് പൊട്ടിത്തെറിച്ച് പെൺകുട്ടി തൽക്ഷണം മരിച്ചു.
മണ്ഡലത്തിലെ എംഎൽഎ നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെത്തുടർന്ന് നടന്ന കാളിഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ അലിഫ അഹമ്മദാണ് വിജയിച്ചത്. പാർടിയുടെ വിജയാഘോഷത്തിനിടെ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. തമന്നയുടെ പിതാവ് ഷെയ്ഖ് ഹുസിയൻ ഹൗറ ജില്ലയിലെ ഒരു മാലിന്യ ഗാരേജിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാരനാണ്. ഈ ഉപതിരഞ്ഞെടുപ്പിൽ സിപിഐ (എം) പിന്തുണയുള്ള സ്ഥാനാർത്ഥിക്കുവേണ്ടി പ്രചാരണത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
സിപിഐ (എം) അനുയായികളുടെ വീടുകൾ ലക്ഷ്യമിട്ട് മുദ്രാവാക്യം വിളിച്ചും ക്രൂഡ് ബോംബുകൾ എറിഞ്ഞും ടിഎംസി പ്രവർത്തകർ പ്രദേശത്തുകൂടി മാർച്ച് ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഭരണകക്ഷിയെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഇത്തരം രാഷ്ട്രീയ അക്രമങ്ങൾ ബംഗാളിൽ ഇപ്പോൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.









0 comments