ആശുപത്രിയാണ്, സിനിമാ സെറ്റല്ല; ധർമേന്ദ്രയുടെ ഐസിയു ദൃശ്യങ്ങൾ പുറത്തുവിട്ടു; ആശുപത്രി ജീവനക്കാരൻ പിടിയിൽ

മുംബൈ: ആരോഗ്യം മോശമായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത നടൻ ധർമേന്ദ്രയുടെ ഐസിയു ദൃശ്യങ്ങൾ പുറത്തുവിട്ട കേസിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. ധർമേന്ദ്ര കിടക്കുന്നതും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ സമീപത്ത് നിൽക്കുന്നതുമായ വീഡിയോയാണ് വൈറലായത്.
സംഭവത്തിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്തിനൊപ്പം പൊലീസിനും വിവരം കൈമാറിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സമ്മതമില്ലാതെ സ്വകാര്യ ഉള്ളടക്കം പകർത്തി പ്രചരിപ്പിച്ചിതാണ് കേസ്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതിന് പുറമെ വ്യാജ മരണ വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് മകൾ ഇഷ ഡിയോൾ രംഗത്തെത്തി. ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്ന് ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇഷ പറഞ്ഞു.
തുടർ ചികിത്സ വീട്ടിൽ നൽകാം എന്ന് കുടുംബം തീരുമാനിച്ചതിനെ തുടർന്ന് ബുധൻ രാവിലെ 7.30 ഓടെ ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മാറ്റി.
1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളുടെ നിറസാന്നിധ്യമായിരുന്നു. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു.
കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2023 ൽ കരൺ ജോഹറിന്റെ റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തി. ജയ ബച്ചൻ, ഷബാന ആസ്മി, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. 2025 ഡിസംബർ 25 ന് റിലീസ് ചെയ്യാൻ പോകുന്ന ഇക്കിസാണ് വരാനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
വരുന്ന ഡിസംബറിൽ നടന് 90 വയസ് തികയും. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയ്ക്കടുത്തുള്ള ഖണ്ടാല ഫാം ഹൗസിലാണ് ധർമേന്ദ്ര താമസിക്കുന്നത്. 1980 നടി ഹേമ മാലിനിയെ ധർമേന്ദ്ര വിവാഹം ചെയ്തിരുന്നു.









0 comments