കൊടൈക്കനാലിൽ കാണാതായ മെഡിക്കൽ വിദ്യാർഥി മരിച്ചു; മൃതദേഹം കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം

ചെന്നൈ: കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി നന്ദകുമാറി(21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർഥിയാണ്.
കഴിഞ്ഞ വാരാന്ത്യത്തിൽ നന്ദകുമാർ ഉൾപ്പെടെ 11 അംഗ സംഘമാണ് കോയമ്പത്തൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് എത്തിയത്. കൊടൈക്കനാൽ-വിൽപട്ടി റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സംഘം സന്ദർശിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർഥിയെ കാണാതായത്.
മഴക്കാലത്ത് വളരെ അപകടകരമായ സാഹചര്യമാണ് അഞ്ജുവീട് വെള്ളച്ചാട്ടത്തിലുള്ളത്. നിശ്ചിത വ്യൂ പോയിന്റുകളിൽ നിന്ന് മാറി സഞ്ചരിക്കുകയോ വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് ഉദ്യോഗസ്ഥർ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നന്ദകുമാർ ഉൾപ്പെടെ സംഘത്തിലെ അഞ്ച് പേർ അരുവിയിൽ കുളിക്കാൻ പാറക്കെട്ടുകളുടെ അരികിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും വനം ഉദ്യോഗസ്ഥരും തദ്ദേശീയ ഗ്രാമീണരും മൂന്ന് ദിവസം വ്യാപക തിരച്ചിൽ നടത്തി. മൂന്ന് ദിവസത്തിന് ശേഷം വെള്ളച്ചാട്ടത്തിന്റെ പാതയിൽ നിന്നും ഒരു കിലോമീറ്റർ താഴെയാണ് നന്ദകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.









0 comments