മന്ത്രിക്ക് കവചമൊരുക്കി ബിജെപി; തൊട്ടാൽ വോട്ടുബാങ്ക് പൊളിയും

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായെ സംരക്ഷിച്ച് ബിജെപി സർക്കാർ. ഓപ്പറേഷൻ സിന്ദൂറിലൂടെ അഭിമാനമായ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’യെന്ന് വിളിച്ചതിൽ മന്ത്രിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നത് മുഖവിലക്കെടുക്കേണ്ട എന്ന നിലപാടിലാണ് മന്ത്രിസഭയും ബിജെപി നേതൃത്വവും. മന്ത്രിക്കെതിരെ സർക്കാർ സമർപ്പിച്ച കുറ്റപത്രത്തിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്.
വിവാദപരാമർശത്തിൽ സുപ്രീംകോടതി തിങ്കളാഴ്‌ച കേസ് പരിഗണിക്കും. 1990 മുതൽ എട്ടു പ്രാവശ്യം എംഎൽഎയായ വിജയ് ഷായ്ക്ക് ജാതി വോട്ടുകളിൽ നിർണായക സ്വാധീനമാണുള്ളത്. ഇതുകൊണ്ടാണ് ബിജെപി തൊടാൻ മടിക്കുന്നത്. മധ്യപ്രദേശിലെ ഗോണ്ട് ഗോത്രത്തിന്റെ ഉപജാതിയായ രാജ്‌ഗോണ്ട് വിഭാഗത്തിന്റെ പ്രധാനമുഖമാണ് വിജയ് ഷാ. കോൺഗ്രസ് ആധിപത്യം നിലനിന്ന തെരഞ്ഞെടുപ്പുകളിൽ പോലും സ്വന്തം മണ്ഡലത്തിൽ ഷാ വിജയിച്ചു. വിദ്വേഷ പരാമർശത്തിൽ നടപടിയെടുത്താൽ 56 ലക്ഷത്തോളം വരുന്ന ഗോണ്ട് വിഭാഗത്തിന്റെ വോട്ട് ശതമാനത്തിൽ വിള്ളൽ വീഴുമെന്ന ഭീതിയിലാണ് ബിജെപി.
2013ൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യയെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷായ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും വോട്ട് ബാങ്ക് കണക്കിലെടുത്ത് കുറച്ച് മാസങ്ങൾക്കുശേഷം മന്ത്രി സ്ഥാനം തിരികെ നൽകി. സോഫിയ ഖുറേഷിക്കെതിരായ മന്ത്രിയുടെ പരാമർശത്തെ ബിജെപി നേതാക്കളാരും തള്ളിപ്പറഞ്ഞിട്ടില്ല. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്കും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റ ഭാര്യ ഹിമാൻഷിക്കും നേരെ സംഘപരിവാർ സൈബർ ആക്രമണം നടത്തിയപ്പോഴും ബിജെപി മൗനം പാലിക്കുകയായിരുന്നു.









0 comments