പ്രകാശ് രാജിനെയും മേധാ പട്‌കറെയും അവഹേളിച്ച് ബിജെപി എംപിമാർ

ന്യൂഡൽഹി
പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ അഭിപ്രായം രേഖപ്പെടുത്താനെത്തിയ സാമൂഹ്യപ്രവർത്തക മേധാ പട്‌ക്കർ, നടൻ പ്രകാശ്‌രാജ് തുടങ്ങിയവരെ അവഹേളിച്ച് ബിജെപി എംപിമാർ. ഇവർ ഗ്രാമവികസന, പഞ്ചായത്ത്‌രാജ് കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ക്ഷണപ്രകാരം എത്തിയപ്പോൾ ‘ഇവർ പങ്കെടുക്കുന്ന യോഗത്തിൽ ഇരിക്കാൻ കഴിയില്ല’ എന്നാക്രോശിച്ച് എൻഡിഎയുടെ 11 എംപിമാർ യോഗം ബഹിഷ്‌കരിച്ചു. ഇതോടെ സ്‌പീക്കറുടെ നിർദേശാനുസരണം ആവശ്യമായ അംഗങ്ങളില്ലെന്ന പേരിൽ യോഗം പിരിച്ചുവിട്ടു.
ഭൂമി ഏറ്റെടുക്കൽ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ചൊവ്വാഴ്‌ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം വിളിച്ചത്. മേധാ പട്‌ക്കർ, പ്രകാശ് രാജ്, ആരാധനാ ഭാർഗവ, ബുദ്ധ്‌റാം സിങ് തുടങ്ങിയവരെ ക്ഷണിച്ചുവരുത്തിയിരുന്നു.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രൂക്ഷവിമർശകരായ മേധയെയും പ്രകാശ് രാജിനെയും കണ്ടതോടെ ‘ഇവർ രാജ്യവികസനത്തിന് തുരങ്കം വയ്‌ക്കുന്നവരാണെ’ന്ന് ബിജെപി എംപിമാർ ആക്രോശിച്ചു. 29ൽ 17 അംഗങ്ങളും ഹാജർ രേഖപ്പെടുത്തിയശേഷമാണ് ആവശ്യത്തിന് അംഗങ്ങളില്ലെന്ന പേരിൽ യോഗം പിരിച്ചുവിട്ടത്.
ബിജെപി എംപിമാരുടെ നിലപാടിനെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ ഉൾപ്പടെയുള്ളവർ ശക്തമായി എതിർത്തു. ക്ഷണിച്ചുവരുത്തിയവരെ അവഹേളിക്കുന്നത് തെറ്റാണെന്ന് രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി.









0 comments