കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റുകളുമായി ബന്ധം; വിവാദ പരാമർശവുമായി ബിജെപി എംപി

ദുർഗ് : ഛത്തീസ്ഗഡിൽ പൊലീസ് പിടിയിലായ കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വിവാദ പരാമർശവുമായി ബിജെപി എംപി. ബസ്തർ എംപി മഹേഷ് കശ്യപാണ് വിവാദ പരാമർശം നടത്തിയത്. സംരക്ഷിത മേഖലയിൽ നിന്നുള്ള പെൺകുട്ടികളെയാണ് കന്യാസ്ത്രീകൾ കൊണ്ടുപോകാൻ ശ്രമിച്ചതെന്നും പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഇല്ലാത്ത പ്രദേശമാണിതെന്നും, തനിക്ക് പോലും അവിടെ പ്രവേശിക്കാൻ അനുമതിയില്ലെന്നും കശ്യപ് ആരോപിച്ചു. മാവോയിസ്റ്റുകളുമായി ബന്ധമില്ലാതെ ഈ പ്രദേശത്ത് എത്താൻ കഴിയില്ലെന്നും, കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും മഹേഷ് കശ്യപ് കൂട്ടിച്ചേർത്തു
ഈ ഗ്രാമങ്ങളുമായി കന്യാസ്ത്രീകൾക്ക് ബന്ധമുണ്ടാകണമെങ്കിൽ മതപരിവർത്തനം നടന്നിരിക്കണമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളെക്കൊണ്ട് പരാതി നൽകിപ്പിച്ചത് പണം നൽകിയാണ്. പണം നൽകി മതവും രാഷ്ട്രീയവും മാറ്റാൻ കഴിവുള്ളവർക്ക് മൊഴി മാറ്റാൻ എളുപ്പാമാണെന്നതടക്കമുള്ള പരസ്പര ബന്ധമില്ലാത്ത ആരോപണങ്ങളാണ് എംപി ഉന്നയിക്കുന്നത്.
കന്യാസ്ത്രീകൾ നിരപരാധികളാണെങ്കിൽ എന്തുകൊണ്ട് പെൺകുട്ടികളെ ഗ്രാമത്തിൽ പോയി കൂട്ടിക്കൊണ്ടുവന്നില്ലെന്നും, പെൺകുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നും എംപി ചോദിച്ചു. കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കന്യാസ്ത്രീകൾക്ക് വേണ്ടി ഇത്രയും പ്രതിഷേധങ്ങൾ നടന്നതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിൽ വലിയ ശക്തികളുണ്ടെന്ന് സംശയിക്കുന്നതായും മഹേഷ് കശ്യപ് ആരോപിച്ചു. ഈ ശക്തികളെ നേരിടാൻ ബസ്തറിലെ ജനങ്ങൾ തയ്യാറാണെന്നും ബസ്തർ എംപി പറഞ്ഞു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.









0 comments