കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമർശം: എസ്ഐടി രൂപികരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചത്. മധ്യപ്രദേശ് കേഡറിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘത്തെ ചൊവ്വാഴ്ചയ്ക്കകം രൂപീകരിക്കാൻ പോലീസ് ഡയറക്ടർ ജനറലിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ ഐജി അല്ലെങ്കിൽ ഡിജിപി റാങ്കിലുള്ള ആളായിരിക്കണം. ഒരു വനിതാ എസ്പി റാങ്കിലുള്ല ഓഫീസർ ഉണ്ടായിരിക്കണം. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുള്ളവരായിരിക്കണം. സംസ്ഥാനം എസ്‌ഐടി റിപ്പോർട്ട് കോടതിയ്ക്ക് നേരിട്ടാണ് സമർപ്പിക്കേണ്ടത്. ആദ്യ റിപ്പോർട്ട് മെയ് 28-നകം സമർപ്പിക്കാനാണ് നിർദേശം. വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആഗ്രഹിക്കുന്നതായും സുപ്രീംകോടതി പറഞ്ഞു. അതേസമയം, വിജയ് ഷായുടെ അറസ്റ്റ് കോടതി തടഞ്ഞു. അന്വേഷണത്തിൽ സഹകരിക്കമമെന്ന് കോടതി മന്ത്രിയ്ക്ക് നിർദേശം നൽകി.
"നിങ്ങളുടെ പ്രസംഗത്തിന്റെ വീഡിയോ ഞങ്ങൾ കണ്ടിരുന്നു. വളരെ മോശം ഭാഷ പ്രയോഗിക്കുന്നതിന്റെ വക്കിലായിരുന്നു നിങ്ങൾ. ജനപ്രതിനിധി എന്ന നിലയിൽ ഓരോ വാക്കും വിവേകത്തോടെ ഉപയോഗിക്കണം. നിങ്ങളുടെ പ്രസ്താവനയിൽ മുഴുവൻ രാജ്യവും ലജ്ജിച്ചിരിക്കുന്നു"- സുപ്രീംകോടതി മന്ത്രിയോട് പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ കേണൽ സോഫിയ ഖുറേഷിയോട് മന്ത്രി മാപ്പ് പറഞ്ഞത് നിയമ നടപടികളിൽ നിന്ന് പിന്മാറാനുള്ള 'മുതലക്കണ്ണീർ' ആണോ എന്നും സുപ്രീം കോടതി ചോദിച്ചു.









0 comments