വ്യക്തിപരമെന്ന് ന്യായീകരണം
ചീഫ് ജസ്റ്റീസിനും സുപ്രീം കോടതിക്കുമെതിരായ വിദ്വേഷ പരാമർശകർക്ക് സംരക്ഷണവുമായി ബിജെപി

ന്യൂഡൽഹി: സുപ്രീം കോടതിക്കും ചീഫ് ജസ്റ്റീസിനും എതിരെ വിദ്വേഷ പരാമർശം നടത്തിയ നേതാക്കളെ പരോക്ഷമായി ന്യായീകരിച്ച് ബിജെപി നേതൃത്വം. പാർലമെന്റ് അംഗങ്ങളായ നിഷികാന്ത് ദുബെ, ദിനേശ് ശർമ്മ എന്നിവരുടെ പരാമർശങ്ങളെ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന് വിശേഷിപ്പിച്ച് ഒഴിയുക മാത്രമാണ് ബിജെപിയും ആർ എസ് എസ് നേതൃത്വവും.
വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിൽ ഈ രണ്ട് എംപിമാരും നേരത്തെയും വിവാദങ്ങൾ ഉയർത്തിയിട്ടുള്ളവരാണ്. കഴിഞ്ഞ ദിവസം, ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്‌ക്കെതിരെ രാജ്യത്തെ "ആഭ്യന്തര യുദ്ധങ്ങൾക്ക്" ഉത്തരവാദിയെന്ന് വരെ ബിജെപി നേതാവും ജാർഖണ്ഡിൽ നിന്നുള്ള എംപിയുമായ നിഷികാന്ത് ദുബേ പറയുകയുണ്ടായി.
സുപ്രീംകോടതി പരിധി വിടുകയാണെന്നും പരമോന്നത കോടതി നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നും വെല്ലുവിളിച്ചു. രാജ്യത്ത് മത സ്പർധ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്ന് വരെ സോഷ്യൽ മാധ്യമമായ എക്സിലൂടെ വിളിച്ചു പറഞ്ഞു.
ബിജെപി എംപിയും മുൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശർമ്മ ജുഡീഷ്യറിയെ തന്നെ വെല്ലുവിളിക്കുകയായിരുന്നു “ഡോ. ബി.ആർ. അംബേദ്കർ ഭരണഘടന എഴുതിയപ്പോൾ, നിയമസഭയുടെയും ജുഡീഷ്യറിയുടെയും അവകാശങ്ങൾ വ്യക്തമായി എഴുതിയിരുന്നോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിൽ ഉണ്ട് എന്ന് തുടങ്ങുന്ന പ്രസ്താവന നടത്തി. ലോക്‌സഭയെയും രാജ്യസഭയെയും ആർക്കും നയിക്കാൻ കഴിയില്ല, രാഷ്ട്രപതി ഇതിനകം അതിന് അനുമതി നൽകിയിട്ടുണ്ട്. രാഷ്ട്രപതിയാണ് പരമോന്നതൻ എന്നതിനാൽ ആർക്കും രാഷ്ട്രപതിയെ വെല്ലുവിളിക്കാൻ കഴിയില്ല.” എന്നും ചീഫ് ജസ്റ്റീസിനെ മുൻനിർത്തി പറഞ്ഞു.

ചീഫ് ജസ്റ്റിസ് മതയുദ്ധങ്ങൾ ക്ഷണിച്ച് വരുത്തുന്നു എന്ന പരാമർശത്തിൽ നിഷികാന്ത് ദുബെക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എംപിമാർക്കെതിരെ ബിജെപി നടപടിയെടുക്കുമോ എന്നും പ്രതിപക്ഷം ചോദിച്ചു.
ഒഴിഞ്ഞു മാറിയും സംരക്ഷിച്ചും പ്രോത്സാഹനം
"ജുഡീഷ്യറിയെയും ചീഫ് ജസ്റ്റിസിനെയും കുറിച്ചുള്ള എംപിമാരായ നിഷികാന്ത് ദുബെയുടെയും ദിനേശ് ശർമ്മയുടെയും അഭിപ്രായങ്ങളിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ഇത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് എന്ന് ന്യായീകരിക്കയാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ചെയ്തത്. അതും എക്സിലൂടെയുള്ള കുറിപ്പ് മാത്രമായിരുന്നു. സുപ്രീം കോടതി നിയമങ്ങൾ നിർമ്മിക്കേണ്ടിവന്നാൽ പാർലമെന്റും സംസ്ഥാന അസംബ്ലികളും അടച്ചിടണമെന്ന് വരെ പറഞ്ഞവരെയാണ് വ്യക്തിപരം എന്ന നിലയ്ക്ക് ന്യായീകരിച്ചത്. നേരത്തെയും ബി ജെ പി ഇരുവരെയും വിദ്വേഷ പ്രസംഗങ്ങൾ നടത്താനായി ഉപയോഗിച്ചിട്ടുണ്ട്.
Related News
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം ഏറ്റെുത്താണ് വഖഫ് നിയമഭേദഗതിയിലെ സുപ്രീം കോടതി ഇടപെടലുണ്ടായത്. ഇതിനിടെ ക്രൈസ്‌തവരെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ സംഘപരിവാർ ശ്രമം നടത്തി. എന്നാൽ, ഓർഗനൈസറിലെ ലേഖനവും ക്രിസ്‌ത്യൻ ആരാധനാലയങ്ങൾക്കും വൈദികർക്കും നേരെ ആർഎസ്‌എസ് നടത്തുന്ന നിരന്തരമായ ആക്രമണവും തനിനിറം പുറത്തുകൊണ്ടുവന്നു.
രാജ്യത്തെ മതനിരപേക്ഷതയും ന്യൂനപക്ഷ ഐക്യവും തകർക്കലാണ് വഖഫ് നിയമഭേദഗതിയുടെ ലക്ഷ്യവെച്ചത് എന്ന് വ്യക്തമായി. സുപ്രീംകോടതിയുടെ കൃത്യമായ ഇടപെടൽ ജനാധിപത്യം തകർക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി ഈ ഘട്ടത്തിലാണ് സ്ഥിരം വിദ്വേഷ പ്രാസംഗികർ ഉന്നത നിയമ പീഠത്തിന് തന്നെ എതിരായി രംഗത്ത് വന്നത്. വിദ്വേഷ പ്രയോഗത്തിനും വെല്ലുവിളികൾക്കും എതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോഴും ഇത് സംഘപരിവാർ നയം തന്നെ എന്ന് വ്യക്തമാക്കിക്കൊണ്ട് ന്യായീകരിക്കുന്നത് തുടരുകയാണ് ബിജെപി ആർഎസ്എസ് നേതൃത്വവും പ്രധാനമന്ത്രിയും. പരമോന്നത നീതിപീഠത്തെ കുറിച്ച് ഇത്രയും വിദ്വേഷകരമായ പ്രയോഗം നടത്തിയിട്ടും ഒരു വാക്കുപോലും അതെ കുറിച്ച് പ്രതികരിക്കാതെ വ്യക്തിപരം എന്ന ഒറ്റവാക്കിൽ ഒതുക്കിയത് വലിയ ചർച്ചകൾക്കും തുടക്കമിടുകയാണ്.









0 comments