ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് റോഡരികിൽ പ്രസവം; നവജാതശിശുവിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: ചികിത്സ നിഷേധിക്കപ്പെട്ട് ഗർഭിണി റോഡരികിൽ പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം. ചണ്ഡീഗഡിലെ പൽവാലിലാണ് സംഭവം. പുതിയ അൾട്രാ സൗണ്ട് സ്കാൻ റിപ്പോർട്ട് ഇല്ല എന്ന് പറഞ്ഞാണ് പ്രസവവേദനയുമായെത്തിയ യുവതിക്ക് പ്രാദേശിക സർക്കാർ ആശുപത്രിയായ പൽവാൽ സിവിൽ ആശുപത്രിയിൽ നിന്ന് ചികിത്സ നിഷേധിച്ചത്.
ഒരാഴ്ച മുൻപുള്ള സ്കാൻ റിപ്പോർട്ട് കൈയിൽ ഉണ്ടായിരുന്നിട്ടും പുതിയത് തന്നെ വേണമെന്നാണ് ആശുപത്രി അധികൃതർ യുവതിയോട് പറഞ്ഞത്. ലാബിന്റെ മുന്നിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് യുവതി ഒരു ആൺകുഞ്ഞിനെ ഭാഗികമായി പ്രസവിച്ചു.
യുവതിയെയും കുഞ്ഞിനേയും കൊണ്ട് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിലേക്ക് പോയെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. നാല് മരിക്കൂറോളം യാത്രചെയ്താണ് യുവതി വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയത്. കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടും യുവതിയെ ടെസ്റ്റിന് പറഞ്ഞ് വിടുകയായിരുന്നു.
ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിലാണ് യുവതിയെ സ്വകാര്യ ലാബിലേക്ക് കൊണ്ട് പോയത്. ഞായറാഴ്ചകളിൽ ആശുപത്രിയിലെ അൾട്രാസൊണോഗ്രഫി യൂണിറ്റ് അവധിയായിരിക്കും.
ആ അവസരങ്ങളിൽ രോഗികളെ അടുത്തുള്ള സ്വകാര്യ ലാബിലേക്ക് അയക്കുന്നത് പതിവാണ്. യുവതിയുടെ കുടുംബം ആശുപത്രിയിൽ പ്രതിഷേധം ആരംഭിച്ചിരുന്നു.









0 comments