‘ഇന്ത്യ’ തകരാതിരിക്കാൻ ഇടതുപക്ഷം 
അനിവാര്യം , എൽഡിഎഫ്‌ 
സർക്കാർ കേരളം 
കൊളുത്തിവച്ച വെളിച്ചം

കോൺഗ്രസിന്‌ ദീര്‍ഘവീക്ഷണമില്ല , ഇടതുപക്ഷമാണ് ബദല്‍ : ബിനോയ്‌ വിശ്വം

binoy viswam
avatar
AKSHAY K P

Published on Sep 24, 2025, 03:53 AM | 2 min read


ചണ്ഡിഗഡ്

ബിജെപി എന്ന മുഖ്യഎതിരാളിയെ പരാജയപ്പെടുത്തുക എന്നതാണ്‌ തെരെഞ്ഞെടുപ്പുകളിലെ പാര്‍ടി നിലപാടെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗവും സംസ്ഥാന സെക്രട്ടറിയുമായ ബിനോയ്‌ വിശ്വം ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


അടിമുടി ഫാസിസ്റ്റായ ആർഎസ്‌എസിന്റെ ആശയങ്ങളാൽ നയിക്കപ്പെടുന്ന മോദി സർക്കാർ ഉയർത്തുന്ന വെല്ലുവിളികൾ കൂടിക്കൊണ്ടിരിക്കുന്നു. അവരുടെ നയങ്ങൾ അടിസ്ഥാനപരമായി ജനവിരുദ്ധമാണ്‌. ആ അർഥത്തിൽ സർക്കാർ ജനങ്ങളെ അക്രമിക്കുന്നതിന്റെ മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. അപ്പോഴും എല്ലാം അതിന്‌ ക‍ീഴ്‌പ്പെട്ടുവെന്ന്‌ പറയേണ്ടതില്ല. അതിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ്‌ കർഷക സമരം.


പഞ്ചാബിലാണ്‌ ആ സമരനിര ശക്തിപ്പെട്ടത്‌. അജയ്യനെന്ന്‌ ചിലർ പ്രചരിപ്പിച്ച മോദി ആ സമരത്തിന്‌ മുന്നിൽ അടിയറവ്‌ പറഞ്ഞു. അതുകൊണ്ട്‌ ജനങ്ങളുടെ സമരശേഷിയെ കുറച്ചുകാണേണ്ടതില്ല. ഇ‍ൗ പോരാട്ടങ്ങളിലൊക്കെ ഇടതുപക്ഷം വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.

ഇടതുപക്ഷം അതിന്റെ ശേഷിക്കൊത്ത വിധത്തിലും ചിലപ്പോൾ അതിലൊക്കെ കവിഞ്ഞും ജനകീയ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നത്‌ തുടരും.


​പ്രതിപക്ഷ കൂട്ടായ്‌മ​

പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മ ഒരു വലിയ സമരനിരയാണ്‌. ഐക്യമുന്നണിക്കുവേണ്ട രാഷ്‌ട്രീയ ഐക്യമുണ്ടാക്കി അങ്ങനെയൊന്ന്‌ ര‍‍ൂപീകരിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. പൊതുശത്രുവിനെ എതിരിടുന്നതിനുള്ള വിശാലവേദിയാണ്‌ ഇന്ത്യ കൂട്ടായ്‌മ. ആ യാഥാർഥ്യബോധം സിപിഐ, സിപിഐ എം ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ്‌ പാർടികൾക്കുണ്ട്‌. മോദിക്ക്‌ ഇപ്പോൾ ഒറ്റയ്‌ക്ക്‌ ഭരിക്കാൻ കഴിയാത്തത്‌ അതുകൊണ്ടാണ്‌. ടിഡിപിയും‍ ജെഡിയുവും ഇല്ലെങ്കിൽ ഭരിക്കാനാവില്ല. ജാമ്യത്തിലാണ്‌ ഇപ്പോൾ നിൽക്കുന്നത്‌. ഇ‍ൗ ജാമ്യക്കാർ മാറിയാൽ മോദി താഴെ വീഴും. ആ മാറ്റമുണ്ടാക്കിയത്‌ ഇന്ത്യ കൂട്ടായ്‌മയാണ്‌.


അതേസമയം, കൂട്ടായ്‌മയിലുള്ള എല്ലാ പാർടികൾക്കും ഇ‍ൗ സമരത്തിന്റെ രാഷ്‌ട്രീയ ഗ‍ൗരവം ബോധ്യമായില്ല എന്നുള്ളതാണ്‌ പോരായ്‌മ. ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്ന കോൺഗ്രസ്‌ പാർടിക്ക്‌ ഇ‍ൗ വിശാലവേദിയെ എങ്ങനെ നയിക്കണമെന്ന്‌ അറിയില്ല. കോൺഗ്രസിന്‌ ദ‍ൂരക്കാഴ്‌ചയില്ല. അവർക്ക്‌ മൂക്കിനപ്പുറം കാണാൻ സാധിക്കുന്നില്ല. യാഥാർഥ്യങ്ങൾ മനസിലാക്കാനുള്ള രാഷ്‌ട്രീയ ആഴവുമില്ല. അതുകൊണ്ടാണ്‌ ഹരിയാനയിലും ഡൽഹിയിലും മഹാരാഷ്‌ട്രയിലും ബിജെപി ഭരിക്കുന്നത്‌. ഇ‍ൗ ദ‍ൗർബല്യങ്ങളൊക്കെയുണ്ടെങ്കിലും ഇ‍ൗ കൂട്ടായ്‌മ തകർക്കാൻ പാടില്ല. കാരണം നമ്മുടെ സമരം ഒരു മുഖ്യശത്രുവിനോടാണ്‌.


ഇടതുപക്ഷമാണ് ബദല്‍

​ഇന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്ന ഇരുട്ടിൽ കേരളം കൊളുത്തിവച്ച വെളിച്ചമാണ്‌ എൽഡിഎഫ്‌ സർക്കാർ. ആ വെളിച്ചത്തെ ശക്തിപ്പെടുത്തും. എൽഡിഎഫാണ്‌ ഒരേയൊരു പോംവഴി. അത്‌ കേരളത്തിൽ മാത്രം ബാധകമായ ഒന്നല്ല.


ഇടതുപക്ഷത്തിന്റെ അഖിലേന്ത്യ മാതൃകയായി കേരളം വളരുന്നുണ്ട്‌. പാർടി കോൺഗ്രസ്‌ ചർച്ചയിൽ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേരളത്തിന്റെ മാതൃകയെപ്പറ്റി സംസാരിച്ചു. യുപിയിലും ബിഹാറിലും ഗുജറാത്തിലുമെല്ലാം സമരം ചെയ്യുന്ന ജനങ്ങളോട്‌ കേരളത്തെ കാണാൻ പറയണം.


രാജ്യത്ത്‌ പൊലീസ്‌ അതിക്രമം, ന്യ‍ൂനപക്ഷ വേട്ട, ദളിതരെയും ആദിവാസികളെയുമെല്ലാം ആട്ടിയോടിക്കലും വർധിക്കുകയാണ്‌. അദാനിമാർക്കുവേണ്ടി നാടിന്റെ ധാതുക്കളെ ലക്ഷ്യമിട്ടുള്ള കളിയാണിത്‌. അവയൊക്കെ ചെറുക്കുന്നതിന്‌ ഇടതുപക്ഷമാണ്‌ ബദൽ.



deshabhimani section

Related News

View More
0 comments
Sort by

Home