പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധമാർച്ച്‌ നടത്തവേ എട്ടുബില്ലുകളാണ്‌ ഇരുസഭകളിലുമായി പാസാക്കിയത്‌

ചർച്ചയില്ല ; 
ബില്ലുകൾ ചുട്ടെടുത്ത്‌ കേന്ദ്രസർക്കാർ

bills passed in parliament
avatar
എം അഖിൽ

Published on Aug 12, 2025, 02:51 AM | 1 min read


ന്യൂഡൽഹി

​തെരഞ്ഞെടുപ്പ്‌ കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധമാർച്ച്‌ നടത്തവേ പാർലമെന്റിൽ സുപ്രധാന ബില്ലുകൾ ചർച്ച കൂടാതെ പാസാക്കി കേന്ദ്രസർക്കാർ. ലോക്‌സഭയിലും രാജ്യസഭയിലുമായി എട്ടുബില്ലുകളാണ്‌ കേന്ദ്രസർക്കാർ പാസാക്കിയത്‌. പുതിയ ആദായനികുതി ബില്ലിന്റെ പരിഷ്‌കരിച്ച രൂപം, ദേശീയ കായിക ഭരണ ബിൽ, ദേശീയ ആന്റി ഡോപ്പിങ് ഭേദഗതി ബിൽ, ടാക്‌സേഷൻ നിയമ ഭേദഗതി ബിൽ തുടങ്ങിയവയാണ്‌ ലോക്‌സഭയിൽ പാസാക്കിയത്‌.


1961ലെ ആദായനികുതി ബില്ലിന്‌ പകരമുള്ള പുതിയ ബിൽ പ്രാധാന്യമുള്ളതായിരുന്നു. നിർണായക ബിൽ പാസാക്കുമ്പോൾ ഗഹനമായ ചർച്ച അനിവാര്യമായിരുന്നു. എന്നാൽ, ധനമന്ത്രി നിർമല സീതാരാമൻ ചടങ്ങുപോലെ ബിൽ അവതരിപ്പിച്ചു. കാര്യമായ ചർച്ചകയൊന്നുമില്ലാതെ അതിവേഗം ലോക്‌സഭ പാസാക്കി. രാജ്യത്തിന്റെ കായികമേഖല കേന്ദ്രസർക്കാരിന്റെ പൂർണനിയന്ത്രണത്തിലാക്കുന്ന ദേശീയ കായികഭരണബില്ലും സമാനമായ രീതിയിൽ പാസാക്കി. ബില്ലിൽ പ്രതിപക്ഷപാർടികൾ വലിയ വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്നു. കായികമന്ത്രി മൻസുഖ്‌ മാണ്ഡവ്യ കായികഭരണ ബിൽ ചരിത്രസംഭവമാണെന്ന്‌ അവകാശപ്പെട്ടാണ്‌ അവതരിപ്പിച്ചത്‌. നാമമാത്രമായ ചർച്ചകളോടെ ബിൽ പാസാക്കുന്നതാണ്‌ പിന്നീടുകണ്ടത്‌.


രാജ്യസഭയിൽ മണിപ്പുർ ജിഎസ്‌ടി ബില്ലും ധനവിനിയോഗ ബില്ലും പാസാക്കി.

പ്രതിപക്ഷം പ്രതിഷേധത്തിനുശേഷം തിരിച്ചെത്തിയപ്പോഴേക്കും ബില്ലുകൾ പാസാക്കിയിരുന്നു. ചർച്ചകൾ കൂടാതെ ബില്ലുകൾ പാസാക്കിയെടുക്കുന്നത്‌ ജനാധിപത്യവിരുദ്ധവും പാർലമെന്ററി മര്യാദകളുടെ ലംഘനവുമാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പിൻവാതിലിലൂടെ നിയമനിർമാണങ്ങൾ നടത്തുന്നത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ സിപിഐ എം ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു.


ചർച്ച കൂടാതെ പാസാക്കിയ നിയമങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്ന പല വ്യവസ്ഥകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധം തുടർന്നാൽ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കേണ്ടി വരുമെന്ന്‌ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home