മന്ത്രിമാരെ പുറത്താക്കാനുള്ള ബിൽ ലോക്സഭയിൽ; ജനാധിപത്യ വിരുദ്ധതയെ എതിർത്ത് പ്രതിപക്ഷം

PHOTO CREDIT: SANSAD TV
ന്യൂഡൽഹി: ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പാർടികളെല്ലാം ഒരേ ശബ്ദത്തിൽ ബില്ലിനെ എതിർത്തപ്പോൾ കോൺഗ്രസ് എം പി ശശി തരൂർ ബില്ലിനെ അനുകൂലിച്ചു. തൃണമൂൽ അംഗങ്ങൾ ലോക്സഭയിൽ ബിൽ കീറിയെറിഞ്ഞു. ബഹളത്തെ തുടർന്ന് സഭ മൂന്ന് മണിവരെ നിർത്തിവച്ചു.
130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് അമിത്ഷാ അവതരിപ്പിച്ചത്. മൂന്ന് ബില്ലുകളും ഒരുമിച്ച് അവതരിപ്പിച്ചതിന് പിന്നാലെ ബില്ലുകൾ ഭരണഘടനാവിരുദ്ധമാമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ പാർടികളെയും, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കമാണ് പുതിയ ബില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടുമെന്ന് അമിത്ഷാ പറഞ്ഞു. ജെപിസിയിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങളും ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ബില്ലുകൾ അവതരിപ്പിക്കാൻ തീരുമാനമായത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി, മറ്റ് മന്ത്രിമാർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നവരെ അഞ്ചുവർഷത്തിലധികം ശിക്ഷിക്കപ്പടുന്ന കേസുകളിൽ അറസ്റ്റിലായി കസ്റ്റഡിയിൽ മുപ്പത് ദിവസം പിന്നിട്ടാൽ പദവികളിൽ നിന്ന് നീക്കം ചെയ്യാം എന്നതാണ് ബില്ലിലെ വ്യവസ്ഥ. ബില്ലുകളുടെ അവതരണത്തിന് പിന്നാലെ വൻതോതിലുള്ള ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനാണ് പാർലമെന്റ് സാക്ഷ്യംവഹിച്ചത്.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുന്ന പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ എന്നിവരെ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ബില്ലുകളാണ് അവതരിപ്പിച്ചത്. പ്രതിപക്ഷത്തെയും സംസ്ഥാന സര്‍ക്കാരുകളേയും വേട്ടയാടാനുള്ള കേന്ദ്ര നീക്കമാണ് ബില്ലിന് പിന്നിലെന്ന് എംപിമാര്‍ ആരോപിച്ചു.
അഴിമതി കേസിൽ ഉൾപ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ 31-ാം ദിവസം മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലിൽ പറയുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമാണ്. 30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശചെയ്യണം. ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും.
അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തതിന് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാർ എന്നിവരെ അറസ്റ്റ് ചെയ്ത് 30 ദിവസം തുടർച്ചയായി തടങ്കലിൽ വച്ചാൽ, 31-ാം ദിവസത്തിനുള്ളിൽ സംസ്ഥാന മന്ത്രിമാരെ രാഷ്ട്രപതി, മുഖ്യമന്ത്രി എന്നിവരും, മുഖ്യമന്ത്രിമാരെ ഗവർണറും, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിയെ ലെഫ്റ്റനന്റ് ഗവർണറും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബില്ലുകൾ പറയുന്നു.
എന്നാൽ, കസ്റ്റഡിയിൽ നിന്ന് മോചിതരായാൽ അവരെ വീണ്ടും നിയമിക്കാമെന്ന് ബില്ലുകളിൽ പറയുന്നു. ഗുരുതരമായ ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാർമികതയെ ദുർബലപ്പെടുത്തുമെന്നുമാണ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകുന്ന വിശദീകരണം.









0 comments